KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല ശുചീകരണം സീറോ ബജറ്റാക്കി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഇത്തവണ ശുചീകരണം നടത്തിയത് സീറോ ബജറ്റിലാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം നഗരസഭ. ഇത്തവണത്തെ പൊങ്കാല കഴിഞ്ഞ് മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്തുവെന്നും ഇത് സീറോ ബജറ്റിലാണ് പൂര്‍ത്തിയാക്കിയതെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

മുൻകാലങ്ങളിൽ വിപുലമായി പൊങ്കാല നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവർത്തനങ്ങൾക്ക് ചെലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചെലവാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സീറോ ബജറ്റിൽ ശുചീകരണം നടത്തിയെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Read Also  :  പൊലീസ് സംഘത്തിന് നേരെ ആക്രമണം : സി.ഐക്ക് പരിക്ക്

കുറിപ്പിന്റെ പൂർണരൂപം :

#സീറോബഡ്ജറ്റ് ൽ ആറ്റുകാൽ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതുകയാണ് ഇത്തവണ തിരുവനന്തപുരം നഗരസഭ. ഇപ്രാവശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങൾ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്ത് മുൻകാലങ്ങളിൽ നമ്മുടെ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബഡ്ജറ്റിൽ പൂർത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണ്.

മുൻകാലങ്ങളിൽ വിപുലമായി പൊങ്കാല നടക്കുമ്പോൾ 30 ലക്ഷത്തോളം രൂപ ഇതിനായി ചിലവാകാറുണ്ടായിരുന്നു. വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചിലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ ചില തല്പരകക്ഷികൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ” #സീറോബഡ്ജറ്റ്” ശുചീകരണം പൂർത്തിയാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിനായി 5 യോഗങ്ങൾ വിളിച്ച് ചേർത്തു. തുടർന്ന് നഗരസഭയുടെ മുഴുവൻ ജീവനക്കാരെയും മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ വിന്യസിക്കുകയായിരുന്നു ആദ്യപടി. ഓരോ സ്ഥലത്തും വോളന്റിയർമാരെയും നിയോഗിച്ചു. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളടക്കം വിവിധ സന്നദ്ധ സംഘടനകൾ നൽകി.

Read Also  :   ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ നയങ്ങളിൽ കൈകടത്താനാണ് മോദി സര്‍ക്കാരിന്റെ ശ്രമം: ഗവർണർക്കെതിരെ സിപിഐ

നഗരസഭയുടെ എല്ലാ വാഹനങ്ങളും ഇവിടങ്ങളിൽ കേന്ദ്രീകരിച്ചു. കൂടാതെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്നും ടിപ്പര്‍ ഓണേഴ്സ് അസോസിയേഷനും വാഹനങ്ങൾ വിട്ട് നൽകി. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകരും എൻ ജി ഒ യൂണിയൻ പ്രവർത്തകരും ഈ ഉദ്യമത്തിന് പിന്തുണയുമായി കൈകോർത്തു. പൊങ്കാല ഇടുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി ഈ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിച്ചു. ഭക്ഷണം ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍റെ വകയായി വിതരണം ചെയ്തു. 301 പോയിന്റുകളിൽ നിന്നായി 38.312 ടൺ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാർ 60 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും 14 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ശുചീകരണത്തിൽ പങ്കാളികളായി. മേൽ സൂചിപ്പിച്ച വോളന്റിയര്മാരും സന്നദ്ധപ്രവർത്തകരും ചേർന്നപ്പോൾ പൊങ്കാല ശുചീകരണം ചരിത്രമായി മാറുകയായിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു ഇത്തവണ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കിയത്. എവിടെയെങ്കിലും കുറവുണ്ടായാൽ അത് പരിഹരിക്കാൻ സമാന്തര സംവിധാനവും തയ്യാറാക്കിയിരുന്നു. എന്നാൽ എല്ലാ പോയിന്റുകളിലും നിയോഗിച്ച ജീവനക്കാരും വോളന്റിയര്മാരും ഉൾപ്പെടെ എല്ലാപേരും അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ഒരിടത്തും പരാതികൾക്ക് ഇട നൽകാതെയും, നഗരസഭയ്ക്ക് ഒരു നയാപൈസയുടെ ചിലവില്ലാതെയും ഇത്തവണത്തെ ശുചീകരണം കൃത്യസമയത്ത് പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്നുള്ളത് ചരിത്ര നേട്ടം തന്നെയാണ്. അടുത്ത വർഷം വിപുലമായി പൊങ്കാല നടന്നാലും ഇതേ രീതിയിൽ ശുചീകരണം നടത്താനാവുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് ഇത്തവണത്തെ വലിയ വിജയം.

Read Also  :   ബാല അപസ്മാരം എങ്ങനെ തിരിച്ചറിയാം

ഈ ചരിത്ര നേട്ടത്തിന് വേണ്ടി അധ്വാനിച്ച നഗരസഭയിലെ തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, എസ് പി സി യുടെ വോളന്റിയർമാർ, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ, ടിപ്പര്‍ ഓണേഴ്സ് അസോസിയേഷൻ, ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷൻ എന്നിവർക്കും എല്ലാത്തിനും നേതൃപരമായ പങ്ക് വഹിച്ച നഗരസഭാ സെക്രട്ടറിയ്ക്കും ശുചീകരണ പ്രവർത്തനങ്ങളോട് സഹകരിച്ച ഭക്തജനങ്ങൾക്കും ഭരണസമിതിയുടെയും എന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button