Latest NewsNewsIndia

തോക്കും കൊണ്ട് കള്ളന്മാർ കയറി ചെന്നത് ബി.എസ്.എഫ് ജവാന്റെ വീട്ടിൽ, ധൈര്യപൂർവ്വം നേരിട്ട് ഭാര്യ: കണ്ടം വഴി ഓടി മോഷ്ടാക്കൾ

വീട്ടിൽ അതിക്രമിച്ച് കയറിയ തോക്കുധാരികളെ ധൈര്യപൂർവ്വം നേരിട്ട് ബി.എസ്.എഫ് ജവാന്റെ ഭാര്യയും മകളും. യുവതിയുടെ ചെറുത്തുനിൽപ്പിൽ പിടിച്ച് നിൽക്കാനാകാതെ മോഷ്ടാക്കൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. അക്രമികൾ പൊതിരെ തല്ലുമ്പോഴും അതിനെ ചെറുത്തുനിന്ന യുവതിയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ന് ബിക്കാനീറിലാണ് സംഭവം. മക്കളായ അവ്നി (07), ശ്രവ്യ (03) എന്നിവർക്കൊപ്പം താമസിക്കുന്ന രേഖ എന്ന വീട്ടമ്മയെ ആണ് തോക്കുധാരികൾ ആക്രമിച്ചത്. രേഖയുടെ ഭർത്താവ് ഉർവേശ് കുമാർ ബി.എസ്.എഫിലാണ്. മകളെ സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എ.ടി.എമ്മിൽ നിന്നും രേഖ കുറച്ച് പണം പിൻവലിച്ചിരുന്നു. സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കൾ രേഖയെ പിന്തുടർന്ന് വീട്ടിലെത്തി. വീടിനു മുന്നിലെത്തി രേഖ സ്‌കൂട്ടിയിൽ നിന്നിറങ്ങിയപ്പോഴേക്കും യുവാക്കൾ രേഖയെ ആക്രമിച്ചു. ഇത് കണ്ട് നിന്ന മൂത്ത പെൺകുട്ടി ഉടൻ തന്നെ പുറത്തേയ്ക്ക് ഓടി ബഹളം വെച്ചു.

Also Read:കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു: പരിശോധനയിൽ പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 2 പേർ പിടിയിൽ

ഇതിനിടെ, രേഖയെ യുവാക്കൾ മർദ്ദിച്ചു. അക്രമികൾ അവരെ മുറിയിലേക്ക് വലിച്ചിഴക്കാൻ തുടങ്ങി. അവൾ നിരായുധയായിരുന്നുവെങ്കിലും ധൈര്യം കാണിച്ചു. അക്രമികളുമായി ഏറ്റുമുട്ടി. രണ്ടുകൂട്ടരും പരസ്പരം വിട്ടുകൊടുക്കാതെ പോരടിച്ചു. ഒരു യുവാവിന്റെ കയ്യിൽ പിസ്റ്റൾ ഉണ്ടായിരുന്നു. ഇതിന്റെ മറുവശം കൊണ്ട് യുവാവ് രേഖയെ പലതവണ തല്ലി. രേഖയുടെ തലപൊട്ടി ചോരയൊലിക്കാൻ തുടങ്ങിയപ്പോഴും, യുവതി തന്നാൽ കഴിയും വിധം അക്രമകാരികളെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, പെൺകുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടാൻ തുടങ്ങി. സംഭവം കൈവിട്ട് പോകുമെന്ന് മനസിലായ യുവാക്കൾ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. ഇതിനിടെ, യുവതിയുടെ കൈവശമുണ്ടായിരുന്ന പേഴ്‌സും പണവും ഇവർ തട്ടിയെടുത്തിരുന്നു.

കുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികളായ മൂന്ന് പേർ ബൈക്കിൽ രക്ഷപ്പെട്ടു. വിവരം പോലീസിൽ അറിയിച്ചു. പണവും അവശ്യ രേഖകളും അക്രമികൾ കവർന്നതായി യുവതി പോലീസിൽ അറിയിച്ചു. രേഖയുടെ വീട്ടിൽ അഞ്ച് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button