KeralaLatest NewsIndia

‘കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം’ : തീരുമാനം പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണ്ണമായും നീക്കിയതിന് പിന്നാലെ ആയിരുന്നു ആരോഗ്യ വകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്

ന്യൂഡല്‍ഹി: കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ച കേരളത്തിന്റെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉള്‍പ്പെടെ ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ 90 ശതമാനം കഴിഞ്ഞ ദിവസം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 165 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്ത് വിടാന്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത്.

ഏപ്രില്‍ 13 ന് ആയിരുന്നു കേരളം കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളും പൂര്‍ണ്ണമായും നീക്കിയതിന് പിന്നാലെ ആയിരുന്നു ആരോഗ്യ വകുപ്പ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രോഗ ബാധ വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണക്കുകള്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം.

ജില്ലാതലം മുതല്‍ ദേശീയ തലം വരെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം കണക്കുകള്‍ ആവശ്യമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് നിര്‍ദ്ദേശങ്ങളുള്ളത്. കൊവിഡ് കണക്കുകള്‍ വീണ്ടും ഉയര്‍ന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
ഡല്‍ഹിക്ക് സമീപത്തുള്ള ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണവും പോസിറ്റീവിറ്റി നിരക്കും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button