KeralaLatest NewsNews

കെ-റെയില്‍ സമരക്കാരനെ ചവിട്ടി: പോലീസുകാരന് സ്ഥലംമാറ്റം

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ നടപടിയെടുത്തു. മംഗലപുരം സി.പി.ഒ ആയിരുന്ന ഷബീറിനെ സ്ഥലം മാറ്റി. പുളിങ്കുടി എ.ആർ. ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് സ്ഥലമാറ്റം. പ്രാഥമിക അന്വേഷണത്തിൽ, സമരത്തിനിടെ ഷബീർ പ്രതിഷേധക്കാരെ ചവിട്ടിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ, സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്‌വരികയും ചെയ്തു.

സമരത്തിനിടെ പോലീസ് നാട്ടുകാരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഷബീറിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചവിട്ടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ റിപ്പോർട്ടിലും ഷബീർ സസ്‌പെൻഷൻ നേരിടേണ്ടി വരുമെന്നാണ് പറഞ്ഞത്.

തിരുവനന്തപുരത്തെ കരിച്ചാറയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസുകാരൻ സമരക്കാരിൽ ഒരാളെ ചവിട്ടി വീഴ്‌ത്തിയത്. ഷബീർ സമരക്കാരന്റെ ഇടുപ്പിലും വയറ്റിലും ബൂട്ടിട്ട് ചവിട്ടുകയായിരുന്നു.

സംഘർഷ സാദ്ധ്യതയുണ്ടായിട്ടും പോലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button