Latest NewsNewsInternational

സ്വർണമെഡൽ ജേതാവ്, 2 കുട്ടികളുടെ അമ്മ: സ്‌കൂൾ ടീച്ചറിൽ നിന്നും ചാവേറിലേക്കുള്ള ഷാരി ബലൂചിന്റെ ദൂരം

ഭാര്യ ചാവേറായി പൊട്ടിത്തെറിച്ചതിൽ അഭിമാനിക്കുന്ന ഭർത്താവ്, ധീരവനിതയെന്ന് തീവ്രവാദ സംഘടന

കറാച്ചി (പാകിസ്ഥാൻ): ‘നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കിയെങ്കിലും, ഞാൻ ഇന്ന് നിന്നെ ഓർത്ത് അഭിമാനം കൊള്ളുന്നു. നമ്മുടെ മക്കളായ മഹ്‌രോച്ചും, മീർ ഹസ്സനും നല്ലവരായി വളരും. അവരുടെ അമ്മ ചെയ്ത പ്രവൃത്തി ഓർത്ത് അവർ എക്കാലവും അഭിമാനം കൊള്ളും. നീ ഞങ്ങളുടെ പ്രിയപ്പെട്ടവളായി എന്നുമുണ്ടാകും’, ഏപ്രിൽ 26ന് പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയിൽ ചാവേറായി പൊട്ടിത്തെറിച്ച യുവതിയുടെ ഭർത്താവിന്റെ വാക്കുകളാണിത്.

ഷാരി ബലൂച് ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ കൂടെ മരിച്ചത്, മൂന്ന് ചൈനീസ് പൗരന്മാരടക്കം നാല് പേർ ആണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കറാച്ചി സർവകലാശാലയിലെ ചൈനീസ് ഭാഷാ അധ്യാപന കേന്ദ്രമായ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം നടന്നത്. സർവകലാശാലയിൽ നിന്നും ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുമ്പോഴും, ചാവേറായി തീർന്ന ഭാര്യയുടെ ‘സൽപ്രവൃത്തി’യിൽ അഭിമാനം കൊള്ളുകയാണ് ഭർത്താവായ ഹബീതൻ ബാഷിർ ബലൂച്. കുടുംബവും നാടും ഇത്രയധികം വാഴ്ത്തിപ്പാടാനും മാത്രം, ആരാണ് ഷാരി ബലൂച് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ആരാണ് ഷാരി ബലൂച്?

30 തിലേക്ക് കാലെടുത്ത് വെച്ച അധ്യാപികയായിയുരുന്നു ഷാരി. ബലൂചിസ്ഥാനിലെ തുര്‍ബത് മേഖലയില്‍ നിന്നുള്ള ഷാരി ബലൂചിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നു. സുവോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ഷാരി ഒരു ഡോക്ടറെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എംഫില്‍ ചെയ്യുകയായിരുന്ന ഷാരി സയന്‍സ് അധ്യാപികയായി പരിശീലനം ചെയ്ത് വരികയായിരുന്നു. അവളുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തിലെ എല്ലാവർക്കും നല്ല വിദ്യാഭ്യാസമുണ്ട്. സായുധ സംഘങ്ങളുമായി ഇവർക്കാർക്കും യാതൊരു ബന്ധവുമില്ല. എന്നാൽ, അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) യിൽ ഷാരി ആരുമറിയാതെ അംഗമായി. രണ്ട് വർഷം മുമ്പ് ആണ് ഗ്രൂപ്പിൽ ചേർന്നത്. ത്യാഗപരമായ ദൗത്യത്തിനായി സ്വയം സന്നദ്ധത പ്രകടിപ്പിച്ച ഇവരോട്, രണ്ട് കൊച്ചുകുട്ടികള്‍ ഉള്ളതിനാല്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കാമെന്ന് സംഘടന അറിയിച്ചിരുന്നു. എന്നാൽ, പിന്മാറാൻ ഷാരി തയ്യാറായില്ല.

കറാച്ചിയിൽ ചൊവ്വാഴ്ച നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം വിഘടനവാദികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ മജീദ് ബ്രിഗേഡ് ചൈനീസ് ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ചൈനീസ് ഉദ്യോഗസ്ഥരായ ഹുവാങ് ഗൈപ്പിംഗ്, ഡിംഗ് മുഫാംഗ്, ചെന്‍ സായ് എന്നിവര്‍ കൊല്ലപ്പെട്ടെന്നും വാങ് യുക്കിംഗിനും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റെന്നും ബി.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.

ഷാരിയെ ധീരവനിതയെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. സംഘത്തിന് വേണ്ടി ഒരു സ്ത്രീ നടത്തിയ ആദ്യത്തെ ചാവേർ ബോംബാക്രമണമാണ് ഇത്. ‘ബലൂച്ച് പ്രതിരോധ ചരിത്രത്തിലെ ഒരു പുതിയ അധ്യായം’ എന്നാണ് ഈ ചാവേർ പൊട്ടിത്തെറിയെ സംഘടന വിശേഷിപ്പിക്കുന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ, ഷാരി സംഘടനയിൽ ആകൃഷ്ടയായിരുന്നു. സംഘടനയിൽ അംഗമായ രണ്ട് വര്‍ഷത്തില്‍ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ ഷാരി പ്രവര്‍ത്തിച്ചു. ചാവേറാക്രമണം നടത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആറ് മാസം മുമ്പ് ഷാരി തീരുമാനമെടുക്കുകയായിരുന്നു. അതിനുശേഷം, അവര്‍ ദൗത്യത്തില്‍ സജീവമായി ഏർപ്പെട്ടു.

ബി.എല്‍.എ എന്ന തീവ്രവാദ സംഘടന:

ബലൂചിസ്ഥാൻ വളരെക്കാലമായി പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. കൂടാതെ കോടിക്കണക്കിന് ഡോളർ ചിലവഴിച്ച് ചൈന ആരംഭിച്ച വൺ ബെൽറ്റ് വൺ റോഡ് (OBOR) പദ്ധതി ബലൂചിസ്ഥാന്റെ വികാരങ്ങളെ വ്രണപ്പെടുത്തി. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാൻ ചൈനയ്‌ക്കെതിരെ ഇപ്പോഴും നിലയുറപ്പിച്ചു. ഏറ്റവും വികസിതവും മൊത്തം ജനസംഖ്യയുടെ വളരെ ചെറിയ ഒരു ശതമാനവുമാണ് ബലൂചിസ്ഥാൻ. ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന BLA നേരത്തെയും ചൈനീസ് പൗരന്മാരെ ആക്രമിച്ചിട്ടുണ്ട്. വർഷങ്ങളായി, ഈ സംഘം ഇസ്ലാമാബാദിനെതിരെ ഒരു താഴ്ന്ന തലത്തിലുള്ള കലാപത്തിന് നേതൃത്വം നൽകി വരുന്നു.

ചൈനയുടെ ചൂഷണ പദ്ധതികള്‍ ഉടനടി നിര്‍ത്താനും പാകിസ്ഥാന്‍ ഭരണകൂടത്തെ അധിനിവേശത്തിന് സഹായിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ബലൂച് ലിബറേഷന്‍ ആര്‍മി ഒരിക്കല്‍ കൂടി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് ഈ ചാവേർ ആക്രമണം. ഭാവിയിൽ ആക്രമണങ്ങള്‍ കൂടുതല്‍ കഠിനമായിരിക്കുമെന്നും ബിഎല്‍എ വക്താവ് ജീയന്ദ് ബലൂച് അറിയിച്ചു. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡിലെ നൂറുകണക്കിന് ഉന്നത പരിശീലനം നേടിയ അംഗങ്ങള്‍ ബലൂചിസ്ഥാന്റെയും പാകിസ്ഥാന്റെയും ഏത് ഭാഗത്തും മാരകമായ ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും, ബലൂചിസ്ഥാനില്‍ നിന്ന് അതിന്റെ സ്വാതന്ത്ര്യം അംഗീകരിച്ച് സമാധാനപരമായി പിന്മാറാണമെന്നും പാകിസ്ഥാനോട് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button