News

അശ്വനി കുമാർ മുതൽ കപിൽ സിബൽ വരെ: പാർട്ടി വിടുന്ന തലമൂത്ത നേതാക്കൾ, അടുത്തതാര്?

കോൺഗ്രസ് വിടുന്ന വമ്പൻ സ്രാവുകൾ: പാർട്ടിയുടെ അടിത്തറ ഇളകുന്നുവോ?

ന്യൂഡൽഹി: അടിമുടി മാറ്റം വരുത്തി ബി.ജെ.പിയെ നേരിടാൻ തീവ്രശ്രമം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ അഞ്ച് മാസങ്ങൾക്കിടെ അഞ്ച് വമ്പൻ സ്രാവുകളാണ് പാർട്ടി വിട്ടത്. മുതിർന്ന നേതാക്കളുടെ ഈ പലായനം കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആയ കപിൽ സിബൽ ആണ് ‘പലായന’ത്തിലെ അവസാനത്തെ ആൾ. ഈ ലിസ്റ്റ് ഇനിയും നീളാനാണ് സാധ്യത. കോൺഗ്രസിൽ നിന്നും വേർപിരിഞ്ഞ തലമൂത്ത നേതാക്കൾ ആരൊക്കെയെന്ന് നോക്കാം.

* കപിൽ സിബൽ: കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള അഭിഭാഷക-രാഷ്ട്രീയക്കാരന്റെ ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലായിരുന്നു. ഈ മാസം ആദ്യം ഉദയ്പൂരിൽ നടന്ന കോൺഗ്രസിന്റെ യോഗത്തിന് ശേഷം, നേതൃത്വത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. വിപുലമായ പരിഷ്‌കാരങ്ങൾക്കായി പ്രേരിപ്പിക്കുന്ന ഓൾഡ് പാർട്ടിയിലെ റിബൽ ബ്ലോക്കായ ‘ജി-23’ ലെ ഒരു പ്രമുഖ അംഗമായിരുന്നു സിബൽ. മെയ് 16ന് സിബൽ രാജി സമര്‍പ്പിച്ചിരുന്നു. ഇപ്പോൾ എസ്.പിയുടെ പിന്തുണയോടെ അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്.

* സുനിൽ ജാഖർ: മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയെ വിമർശിച്ചതിന് പാർട്ടി വിടേണ്ടി വന്നയാളാണ് മുൻ പഞ്ചാബ് മുഖ്യമന്ത്രി സുനിൽ ജാഖർ. ഈ മാസം ആദ്യമായിരുന്നു സുനിൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. നേതാക്കൾ സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയേണ്ടതുണ്ടെന്ന് വേർപിരിയൽ സന്ദേശത്തിൽ ജാഖർ പറഞ്ഞിരുന്നു. ഇത് കോൺഗ്രസ് നേതൃത്വത്തിനകത്ത് ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു.

* ഹാർദിക് പട്ടേൽ: ഗുജറാത്ത് നേതാവ് ഹാർദിക് പട്ടേൽ ഈ മാസം ആദ്യം പാർട്ടി വിട്ടിരുന്നു. പാർട്ടിക്കുള്ളിൽ വേർതിരിവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കോൺഗ്രസിൽ നിന്നും പിരിഞ്ഞുപോയത്. തന്റെ രാജിക്കത്തിൽ, ഉന്നത നേതാക്കളെ കാണുമ്പോൾ രാഹുൽ ഗാന്ധി ‘മൊബൈൽ ഫോണിലേക്ക് ശ്രദ്ധ തിരിക്കുന്നു’ എന്ന് അദ്ദേഹം എടുത്ത് വിമർശിച്ചിരുന്നു. പാർട്ടിയുടെ പ്രശ്‌നങ്ങളേക്കാൾ നേതാക്കൾക്ക് ‘ചിക്കൻ സാൻഡ്‌വിച്ച്’ ഉറപ്പാക്കുന്നതിലാണ് ഗുജറാത്ത് കോൺഗ്രസിന് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം വിമർശിച്ചു.

* അശ്വനി കുമാർ: നാല് പതിറ്റാണ്ട് നീണ്ട സഹവാസത്തിന് ശേഷം ഫെബ്രുവരിയിൽ ആണ് മുൻ നിയമമന്ത്രി കോൺഗ്രസ് വിട്ടത്. ഈ നീക്കം തന്റെ അന്തസ്സിനു യോജിച്ചതാണെന്നായിരുന്നു സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞത്. ഭാവിയിൽ കോൺഗ്രസ് താഴേക്ക് പോകുന്നത് തനിക്ക് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

* ആർ.പി.എൻ സിംഗ്: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ സിംഗ് ബി.ജെ.പിയിലേക്ക് കടന്നിരുന്നു. താൻ 32 വർഷമായി കോൺഗ്രസിലുണ്ടെന്നും എന്നാൽ, പാർട്ടി ഇപ്പോൾ പഴയതുപോലെയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.പിയിലെ മറ്റൊരു പ്രമുഖ നേതാവ് ജിതിൻ പ്രസാദ കഴിഞ്ഞ വർഷം ബി.ജെ.പിയിലേക്ക് മാറിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button