KeralaLatest NewsNews

‘കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ തലതാഴ്ത്തുന്നത് പ്രവർത്തകർ’: എം.എസ്‌.എഫ് മുന്‍ നേതാവ്

ക്രൂരതക്ക് മുന്‍പില്‍ പകച്ചു നില്‍ക്കാതെ പ്രതികരിച്ചു. പറയുന്നത് സത്യമാണ്

കോഴിക്കോട്: ഹരിത വിവാദത്തില്‍ പി.എം.എ സലാമിനെതിരെ വിമർശനവുമായി മുന്‍ എം.എസ്‌.എഫ് നേതാവ് ലത്തീഫ് തുറയൂര്‍. കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തകരാണ് തലതാഴ്ത്തുന്നതെന്ന് ലത്തീഫ് തുറയൂര്‍ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

ലത്തീഫ് തുറയൂരി​ന്റെ പ്രതികരണം

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഘടനയില്‍ ഒരുത്തരവാദിത്വം ഏല്‍പിച്ചപ്പോള്‍ കുത്തിക്കയറുന്ന വൈറസുകളും കത്തിജ്വലിക്കുന്ന സൂര്യനുമിടയില്‍ ഹരിത പതാക നെഞ്ചോട് ചേര്‍ത്തുപിടിച്ചു അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടി ഖായിദെ മില്ലത്തിന്റെ ദര്‍ശനങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നില്‍ നിന്നു.

read also: പി.സി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തിരുന്നില്ല അല്ലേ, പണി കൊടുത്താല്‍ തിരിച്ച് കിട്ടും: ടെന്നി ജോപ്പന്‍

സംഘടനയുടെ അടിത്തട്ടില്‍നിന്ന് പ്രവര്‍ത്തിച്ചു യൂണിറ്റ് msf ന്റെ പ്രസിഡണ്ടും സെക്രട്ടറിയും പഞ്ചായത്തു മുതല്‍ ക്യാമ്ബസ് യൂണിവേഴ്സിറ്റി തലങ്ങളിലും അങ്ങനെ സംഘടനയുടെ എല്ലാ ഘടകത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് സംസ്ഥാന msf ന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്.

അടിത്തട്ടിലെ പ്രവര്‍ത്തനങ്ങളും ക്യാമ്ബസുകളിലെ തെരഞ്ഞെടുപ്പും സമരങ്ങളും പ്രതിഷേധങ്ങളും ലാത്തിയടികളും ജയില്‍ ജീവിതവും കേസും സംവാദങ്ങളും സര്‍ഗാത്മകവും അങ്ങനെ എല്ലായിടങ്ങളിലും ഒരു രാഷ്ട്രീയ വിദ്യാര്‍ഥിയുടെ സാമ്ബത്തിക-സാമൂഹിക പരിമിതികള്‍ക്കകത്ത്‌ നിന്ന് പ്രവര്‍ത്തിച്ചു.

മഹാനായ തങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിക്കുന്നതിനിടയില്‍ എന്റെ സഹോദരിമാര്‍ക്ക് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ അവരോടൊപ്പം നിന്നു.

കാരണം മുസ്ലിം ലീഗിന്റെ ചരിത്രപുസ്തകങ്ങളില്‍ ഈ സംഘടനയെ വായിച്ച സമയത്ത് മഹാനായ പാണക്കാട് പൂക്കോയ തങ്ങള്‍ ജീവിതത്തിന്റെ അവസാന സമയം കാഞ്ഞങ്ങാട് നിന്ന് നിങ്ങളുടെ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും, സി എച്ച്‌ മുഹമ്മദ് കോയ സാഹിബ് നിങ്ങളില്‍ നിന്ന് ഒരു പെണ്‍കുട്ടി റാങ്ക് ഹോള്‍ഡറായി കടന്നു വരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുമുള്ള ലക്ഷ്യത്തോടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് ഇത് എന്ന ബോധ്യത്തില്‍.

പാര്‍ട്ടിക്കകത്ത് ചര്‍ച്ചകളും സംവാദങ്ങളും മധ്യസ്ഥ ങ്ങളും നടന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമായി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നതിടയില്‍ ഒരു സാധാരണ പ്രവര്‍ത്തകനോട് പോലും കാണിക്കാന്‍ പാടില്ലാത്ത തരത്തില്‍രാഷ്ട്രീയ ക്രൂരതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കുന്ന രീതിയില്‍ ചന്ദ്രിക പത്രത്തില്‍ ഒരു കോളം വാര്‍ത്തയായി സംഘടനക്ക് വേണ്ടി കേസുകളും സാമ്ബത്തിക ബാധ്യതകളുമായി നില്‍ക്കുന്ന സംസ്ഥാന msf ജനറല്‍ സെക്രട്ടറിയെ ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയിട്ടുണ്ട് എന്ന വാര്‍ത്ത കണ്ടു നിന്നു.

ക്രൂരതക്ക് മുന്‍പില്‍ പകച്ചു നില്‍ക്കാതെ പ്രതികരിച്ചു.പറയുന്നത് സത്യമാണ് എന്ന ഉറച്ചബോധ്യത്തില്‍ പരിഹാസങ്ങളും തെറിവിളികളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു നടന്ന സമയത്തും അഭിമാനകരമായ അസ്തിത്വത്തിന്ന് വേണ്ടിയുള്ള പോരാട്ടത്തില്‍ അഭിമാനം പണയം വെക്കാന്‍ പാടില്ലെന്ന് ഉറച്ചുവിശ്വസിച്ചു.

ഞങ്ങള്‍ പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ് എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബിന്റെ നാവിന്‍തുമ്ബില്‍ നിന്ന് തന്നെ വന്നതും, എന്നെ പുറത്താക്കിയത് ഒരിക്കലും നീതീകരിക്കാന്‍ പറ്റാത്തതാണ് എന്നും കേട്ടതില്‍ വളരെ സന്തോഷം.

പക്ഷേ എന്നിട്ടും പാര്‍ട്ടി സെക്രട്ടറി ചാര്‍ജ്ജിലിരിക്കുന്ന പി എം എ സലാം സാഹിബ് പറയുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള പ്രതികരണം എന്നാണ്. ഹരിത വിവാദമുണ്ടായിട്ട് തന്നെ ഒരു വര്‍ഷം ആയിട്ടില്ല എന്ന ബോധ്യവും എന്നെ പുറത്താക്കിയിട്ട് നാലുമാസമേ പിന്നിട്ടുള്ളൂ എന്ന യാഥാര്‍ത്ഥ്യവും അതിനെല്ലാം ശേഷമുള്ള പ്രതികരണമാണ് ഇത് എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകുന്നതിനെ മറച്ചുവച്ചുള്ള പ്രതികരണം.

ഇങ്ങനെ കറമൂസത്തണ്ട് പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുന്ന സമയത്ത് മഹത്തായ ഒരു സംഘടനയും ആ സംഘടനയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമാണ് തലതാഴ്ത്തേണ്ടി വരുന്നത് എന്ന ബോധ്യമുണ്ടാകണം.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട് പദവി ഏറ്റെടുത്ത് സംഘടനയിലെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിച്ചു ഒറ്റക്കെട്ടായി മുന്നോട്ടു പോകും എന്ന് ഉറപ്പു പറയുന്ന സമയത്ത് സലാം സാഹബ് എല്ലാം അടഞ്ഞ അധ്യായമാണെന്ന് പറയുന്നു.ഏതാണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത് എന്ന് അണികള്‍ക്കും പൊതുസമൂഹത്തിനും ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

ഒന്നും അടക്കാതെ തുറന്നു വെക്കലാണ് പാണക്കാട് നേതൃത്വത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടി എക്കാലത്തും സ്വീകരിച്ച നിലപാട് എന്ന് ആരെങ്കിലും ഒന്ന് ബഹുമാന്യനായ സെക്രട്ടറിക്ക് പറഞ്ഞു കൊടുക്കണം.

Nb.സത്യം ആകാശംമുട്ടെ കണ്ടാലും ഭൂമി പൊട്ടുമാറുച്ചത്തില്‍ കേട്ടാലും അവര് കേള്‍ക്കുകയും കാണുകയുമില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തെറിവിളികള്‍ തുടരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button