KeralaLatest NewsNews

വിവാഹവാഗ്ദാനം നൽകി പീഢനം: യുവാവ് അറസ്റ്റില്‍

തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി ഒട്ടേറെ യുവതികളെ വലയിൽ വീഴ്ത്തുകയും ഇവരിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത ശേഷം പീഢിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽവീട്ടിൽ ഷിനോജി(35)നെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഫെയ്സ്ബുക്കിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളിൽനിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരുമായി അടുത്തിടപഴകും. വിവാഹ തിയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച ശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഢിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി തിങ്കളാഴ്ച തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി. പിറ്റേന്ന്, ഗുരുവായൂരിൽ പോയി വിവാഹം നടത്താമെന്ന് ഉറപ്പുനൽകിയശേഷം തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു. എന്നാൽ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം സ്ത്രീയെ നിർത്തി മുങ്ങുകയായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. സ്ത്രീ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

തൃശ്ശൂർ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകി അവരുടെ പേരിൽ വാങ്ങിയ ഒരു സ്കൂട്ടർ ഇയാൾ തട്ടിയെടുത്ത് ഉപയോഗിച്ചു വരുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി സ്ത്രീകൾ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്നുണ്ട്.

ഇയാളുടെ ടെലിഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഒരുപാട് സ്ത്രീകളെ ഇയാൾ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

അരുൺ ശശി എന്ന വിലാസത്തിലാണ് ഷിനോജ് ഫെയ്സ്ബുക്കിൽ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോൻ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാർത്ഥപേരും വിലാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പത്തു മാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേർപെടുത്തിയയാളുമാണ് ഷിനോജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button