Latest NewsNewsIndia

ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകം

കൂട്ട ആത്മഹത്യയെന്ന് കരുതിയ സംഭവത്തിലാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒന്‍പതുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ്. കൂട്ട ആത്മഹത്യയെന്ന് കരുതിയ സംഭവത്തിലാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് ബാഗ്വാന്‍ ഇവരില്‍നിന്ന് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

Read Also: ഉത്പ്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി

ജൂണ്‍ ഇരുപതിനാണ് സംഗലി ജില്ലയിലെ മേസാല്‍ ഗ്രാമവാസികളും സഹോദരന്മാരുമായ പോപട് വന്‍മോരെ, മാണിക് വന്‍മോരെ, ഇവരുടെ മാതാവ്, ഭാര്യമാര്‍, മക്കള്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ കുട്ടികളാണ്. പോപട് അധ്യാപകനും മാണിക് മൃഗഡോക്‌റുമായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പോപടും മാണിക്കും കുടുംബാംഗങ്ങളും കൂട്ട ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ ഇവര്‍ക്ക് പണം കടംകൊടുത്ത ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ബാഗ്വാന്‍ പോപടില്‍നിന്നും മാണിക്കില്‍നിന്നും പണം കൈപ്പറ്റിയിരുന്നു. എന്നാല്‍ നിധി ലഭിക്കാത്തതിന് പിന്നാലെ ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാഗ്വാന്‍, കൂട്ടാളി ധീരജിന്റെ സഹായത്തോടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ബാഗ്വാനും ധീരജും ചേര്‍ന്ന് ജൂണ്‍ 19-ന് രാത്രി ചായയില്‍ വിഷം കലര്‍ത്തി വാന്‍മോരെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നെന്നാണ് സൂചന. സോലാപുര്‍ സ്വദേശികളാണ് ബാഗ്വാനും ധീരജും.

പോപടിന്റേയും മാണിക്കിന്റേയും വീടുകള്‍ തമ്മില്‍ ഒന്നര കിലോമീറ്റര്‍ ദൂരമാണുള്ളത്. രണ്ടിടത്തു നിന്നും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ബാഗ്വാന്‍ മന്ത്രവാദിയാണെന്നും നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് വന്‍തുകയാണ് പോപടില്‍നിന്നും മാണിക്കില്‍നിന്നും തട്ടിയെടുത്തതെന്നും കോലാപുര്‍ റേഞ്ച് ഐ.ജി. മനോജ് കുമാര്‍ ലോഹിയ പറഞ്ഞു. എന്നാല്‍, നിധി ലഭിക്കാതെ വന്നതോടെ പണം തിരികെ നല്‍കണമെന്ന് ഇരുകുടുംബവും ബാഗ്വാനോട് തുടരെത്തുടരെ ആവശ്യപ്പെട്ടു തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 19ന് ബാഗ്വാനും ധീരജും പോപടിന്റേയും മാണിക്കിന്റേയും വീടുകളിലെത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തുടര്‍ന്ന് മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ ബാഗ്വാന്‍ ചില പൂജകള്‍ ചെയ്യാമെന്നും ഇവര്‍ വീട്ടുകാരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടുകാരെ ടെറസിലേക്ക് അയച്ചു. പിന്നീട് ഓരോരുത്തരെയായി താഴേക്ക് വിളിക്കുകയും വിഷം കലര്‍ത്തി ചായ കുടിക്കാന്‍ നല്‍കുകയായിരുന്നെന്നും പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button