Latest NewsNewsInternational

തായ്‌വാൻ വിഷയത്തിൽ ചൈനയ്‌ക്കൊപ്പമെന്ന് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍- ചൈന സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇതോടെ വിഷയത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ‘ഏക ചൈന’ നയത്തിൽ രാജ്യം നിലകൊള്ളുന്നുവെന്നും അതിനോട് ശക്തമായ പ്രതിബദ്ധതയുണ്ടെന്നും പാകിസ്ഥാൻ പറഞ്ഞു. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന പാകിസ്ഥാന്‍ ‘വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണയാണ് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുകയും തായ്‌വാനിലെ ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള തന്റെ രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ തങ്ങളുടെ പിന്തുണ ചൈനയ്ക്കാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു സാഹചര്യം കൂടി ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും പിന്തുണക്കുന്നുവെന്ന് പറഞ്ഞ പാകിസ്ഥാന്‍, തായ്‌വാനെ ചുറ്റിപ്പറ്റി രൂപംകൊള്ളുന്ന സംഘര്‍ഷം പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, അതില്‍ പാകിസ്ഥാന് കടുത്ത ആശങ്കയുണ്ടെന്നും വ്യക്തമാക്കി. പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമം, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു.

അതേസമയം, നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ഒരു തരത്തിലും സ്വയംഭരണ ദ്വീപിലെ ദീർഘകാല അമേരിക്കൻ നയത്തിന് വിരുദ്ധമല്ലെന്ന് യു.എസ് പറഞ്ഞു. അതേസമയം, പെലോസിയുടെ തായ്‌വാൻ സന്ദർശനം ‘ഏക ചൈന’ തത്വത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ചൈന പറഞ്ഞു. പെലോസിയുടെ സന്ദർശനത്തിന് മറുപടിയായി തായ്‌വാനിനടുത്തുള്ള സൈനിക നടപടികളുടെ ഭാഗമായി തത്സമയ വെടിവയ്‌പ്പും പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button