KeralaLatest News

‘എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു’- സ്വപ്ന

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. സ്വപ്‌ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിൽ കുറ്റപ്പെടുത്തിയതോടെയാണ് സ്വപ്‌ന പ്രകോപിതയായത്. ഇതോടെ, ശിവശങ്കറിനും, സർക്കാരിനും എതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്‌ന രംഗത്തിറങ്ങുകയായിരുന്നു.

ലൈഫ് മിഷന്റെ കരാർ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐഫോൺ തനിക്ക് ജന്മദിന സമ്മാനമായി നൽകി സ്വപ്ന തന്നെ ചതിച്ചെന്നാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയത്. തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശിവശങ്കറിനെ താൻ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഐ ഫോൺ നൽകി അദ്ദേഹത്തെ ചതിക്കേണ്ട കാര്യമില്ലെന്നുമാണ് സ്വപ്‌ന പറഞ്ഞത്. താൻ ചതിച്ചെങ്കിൽ ശിവശങ്കർ അറസ്റ്റിലാവാനും ജയിലിലാവാനും ആറുമാസത്തോളം വൈകില്ലായിരുന്നു. തനിക്കു പിന്നാലെ അദ്ദേഹവും ജയിലിൽ കയറുമായിരുന്നു.

ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചതാണ് ജീവിതം കുഴപ്പിച്ചത്. സ്വർണം പിടിക്കും വരെ കൂടെനിന്നു. പിന്നെ കൈവിട്ടു. ശിവശങ്കറിന്റെ പുസ്തകത്തിന് ബദലായി താനും പുസ്തകമെഴുതുമെന്ന് അന്നേ സ്വപ്‌ന വ്യക്തമാക്കിയിരുന്നു. ഫോട്ടോകളും വസ്തുതകളും വിവരങ്ങളും ഉൾപ്പെടുത്തിയാൽ അത് പത്ത് പുസ്തകങ്ങൾ വരുമെന്നും സ്വപ്ന പറഞ്ഞിരുന്നു.

‘ജയിലിൽ എൻ.ഐ.എ കസ്റ്റഡിയിൽ എന്നെയും ചേർത്തുള്ള ചോദ്യം ചെയ്യലിൽ തന്നെ ശിവശങ്കറിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. ശരീരഭാഷയിലടക്കം. കസ്റ്റംസിന്റെ ചോദ്യംചെയ്യലിൽ എന്നെ അറിയാത്ത ഭാവത്തിലായിരുന്നു പെരുമാറ്റം. ഞാൻ പോയിട്ട് സംസാരിക്കാമെന്നും അദ്ദേഹം പറയുന്നതു കേട്ടു. ഇരട്ടമുഖമുള്ള വ്യക്തിയായിരുന്നു ഇത്രയും നാൾ ഞാൻ വിശ്വസിച്ചു കൂടെ നടന്നയാൾ എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. അന്വേഷണ ഏജൻസി വിശദമായ വിവരങ്ങളുമായി ഒരു പ്രതിയുടെ മുന്നിൽ വന്നുചോദിക്കുമ്പോൾ ഞാൻ എന്തുപറയും? അപ്പോഴാണ് ഞാൻ മൊഴിമാറ്റിയത്.’- സ്വപ്‌ന മുമ്പ് പറഞ്ഞിരുന്നു.

അതേസമയം സ്വപ്‌നയുടെ ആത്മകഥയിൽ ആർക്കെതിരെയും ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. എന്നാൽ നിയമസഭയിലെ പ്രമുഖ വ്യക്തി ലൈംഗിക താൽപര്യത്തോടെ വാട്‌സാപ്പ് ചാറ്റ് ചെയ്തു ഹോട്ടലിലേക്കു ക്ഷണിച്ചുവെന്നു പുസ്തകത്തിൽ സ്വപ്ന പറയുന്നുണ്ടെന്നു റിപ്പോർട്ടുണ്ട്. 13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ എങ്ങനെയാണ് തന്നെ ഉപയോ​ഗിച്ചതെന്ന് സ്വപ്ന വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി അടുത്തിടപഴകുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ‘ചതിയുടെ പത്മവ്യൂഹം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം കറന്റ് ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്.

‘നീയാ പത്മവ്യൂഹത്തിൽ കിടക്ക്, ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ട്, പൊന്നുച്ചേട്ടനും ഞാനും, ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ, ടോട്ടോ, മുംതാസ് ഇസ്മയിൽ, ശിവശങ്കറിന്റെ പാർവതി, ഊട്ടിയിലെ കുതിര, ചിലന്തിവല, നിയമത്തിന്റെ കൈകളിൽ, വാതിലിൽ വന്നെത്തി നിൽക്കുന്ന മരണം, നഷ്ടങ്ങളുടെ ശരശയ്യ, ആനയും വാളും ആരവവും’ എന്നിങ്ങനെ 13 അദ്ധ്യായങ്ങളിലായാണ് പുസ്തകം. ശിവശങ്കറിന്റെ ‘പാർവതി’ കയ്യിൽ പച്ച കുത്തിയത്, ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ, എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിൽ അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്നത്.

എം ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇത് നടന്നത്. എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു.

സ്വർണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാർവ്വതിയായിരുന്നുവെന്നും സ്വപ്ന ഓർത്തെടുക്കുന്നു. പുസ്തകത്തിന്റെ ഒരു അധ്യായത്തിന് ശിവശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന നൽകിയ പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button