Latest NewsCricketNewsSports

ടീമെന്ന നിലയില്‍ നമ്മള്‍ മികച്ച പ്രകടനം നടത്തി, അത് തുടരണം: ബാബർ അസം

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ വിജയം നേടിയപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്നലെ മെല്‍ബണിൽ. അവസാന നിമിഷം വരെ പാകിസ്ഥാൻ വിജയം മുന്നിൽ കണ്ടപ്പോൾ വിരാട് കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സിന് മുന്നിൽ തകർന്നടിഞ്ഞു.

സ്‌പിന്നര്‍ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആറാം പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടുമ്പോള്‍ മത്സരശേഷം വളരെ ശോകമായാണ് പാകിസ്ഥാന്‍ താരങ്ങളെ മൈതാനത്ത് കണ്ടത്. ജയമുറപ്പിച്ചിരുന്ന നിമിഷങ്ങളില്‍ നിന്ന് വിരാട് കോഹ്ലിയുടെ ഐതിഹാസിക പോരാട്ടത്തില്‍ അവിശ്വസനീയ തോല്‍വി രുചിച്ചപ്പോള്‍ മത്സരശേഷം പാകിസ്ഥാന്‍ ഡ്രസിംഗ് റൂമും ഏറെ ശോകമായിരുന്നു. തോല്‍വിയില്‍ ആരെയും പഴിക്കാതെ ടീമെന്ന നിലയില്‍ ഒരുമിച്ച് വരും മത്സരങ്ങളില്‍ പോരാടണമെന്നാണ് ബാബര്‍ സഹതാരങ്ങളോട് പറഞ്ഞത്.

‘സഹോദരങ്ങളെ, ഇതൊരു നല്ല പോരാട്ടമായിരുന്നു. എപ്പോഴത്തേയും പോലെ നമ്മള്‍ കിണഞ്ഞുപരിശ്രമിച്ചു. ആ ശ്രമങ്ങള്‍ക്കിടയിലും ചില പിഴവുകള്‍ സംഭവിച്ചു. ആ തെറ്റുകളില്‍ നിന്ന് നമ്മള്‍ പഠിക്കണം. ഈ തോല്‍വി കൊണ്ട് കാലിടറി വീഴാന്‍ പാടില്ല. ലോകകപ്പ് ടൂര്‍ണമെന്‍റ് ആരംഭിച്ചിട്ടേയുള്ളൂ. ഒട്ടേറെ മത്സരങ്ങള്‍ അവശേഷിക്കുന്നു. അക്കാര്യം മാത്രം മനസില്‍ സൂക്ഷിക്കുക’.

‘ഏതെങ്കിലും ഒരു താരം കാരണമല്ല തോറ്റത്. ആരും ഒരാളെ തോല്‍വിയുടെ പേരില്‍ വിരല്‍ചൂണ്ടില്ല. തോല്‍വി ആവര്‍ത്തിക്കാന്‍ പാടില്ല. ടീമെന്ന നിലയില്‍ തോറ്റു, പക്ഷേ, ഇനി ടീമെന്ന നിലയില്‍ തന്നെ ജയിക്കണം. ഒത്തൊരമയോടെ തുടരണം. മത്സരത്തില്‍ നമ്മള്‍ കാഴ്‌ചവെച്ച മികച്ച പ്രകടനങ്ങളിലും ശ്രദ്ധിക്കുക. പറ്റിയ ചെറിയ തെറ്റുകളെ ടീം ഒന്നാകെ തിരുത്തും’.

Read Also:- രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

‘വിഷമിക്കരുത് നവാസ്, നിങ്ങളെന്‍റെ മാച്ച് വിന്നറാണ്. എപ്പോഴും നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു. എനിക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ നവാസിനാകും. ഇത് സമ്മര്‍ദമുള്ള മത്സരമായിരുന്നു. എന്നിട്ടും നിങ്ങള്‍ വിജയത്തിന് വളരെ അടുത്തുവരെ നമ്മെ എത്തിച്ചു. കൊള്ളാം. തോല്‍വി ഇവിടെ ഉപേക്ഷിക്കൂ, മുന്നോട്ടുനീങ്ങുക. പുതുതായി നമ്മള്‍ ആരംഭിക്കും. ടീമെന്ന നിലയില്‍ നമ്മള്‍ മികച്ച പ്രകടനം നടത്തി. അത് തുടരണം, എല്ലാവര്‍ക്കും ആശംസകള്‍’ ഡ്രസിംഗ് റൂമിലെത്തിയ ശേഷം സഹതാരങ്ങളോട് ബാബർ അസം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button