KeralaLatest NewsNews

‘കേരള ഗവര്‍ണര്‍ പരനാറി’: ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അധിക്ഷേപിച്ച് എം.വി ജയരാജൻ

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അധിക്ഷേപിച്ച് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. നാറികൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകുമെന്നും, ഇത് തിരിച്ചറിഞ്ഞാണ് ആര്‍എസ്എസ് മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാത്തതെന്നും ജയരാജന്‍ പറഞ്ഞു. സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് 9 വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്നും ജയരാജൻ പറഞ്ഞു.

‘കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ നിയോഗിച്ചത്. അത് സര്‍വ്വകലാശാലകളെ തകര്‍ക്കാനല്ല, പുരോഗതിയിലേക്ക് നയിക്കാനാണ്. കേരള സര്‍വ്വകലാശാലയിലെ എക്സ്ഒഫീഷ്യോ സെനറ്റ് അംഗങ്ങളെ അടക്കം പിരിച്ചുവിട്ട് പുതിയ പതിനഞ്ച് ആര്‍എസ്എസ്സുകാരെ സെനറ്റ് അംഗങ്ങളാക്കി നോമിനേറ്റ് ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. എന്നിട്ടും പഠിച്ചില്ല. 9 വൈസ് ചാന്‍സലര്‍മാരെ നീക്കി അവിടെ ആര്‍എസ്എസ്സുകാരെ കുടിയിരുത്താനുള്ള കുടിലതന്ത്രവുമായി മുന്നോട്ട് പോവുകയാണ്. അത് ജനങ്ങളെ അണിനിരത്തി തടയുക തന്നെ ചെയ്യും.

ഗവര്‍ണര്‍ സുപ്രീംകോടതി ജഡ്ജിയല്ല. ആര്‍എസ്എസ്സുകാരുടെ കോടതിയില്‍ കാവി വസ്ത്രംധരിച്ചുകൊണ്ട് ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. ചാന്‍സലറുടെ കഴിവുകൊണ്ടല്ല, സര്‍ക്കാറിന്റെയും സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെയും സിണ്ടിക്കേറ്റുകളുടെയും അക്കാദമിക് സമൂഹത്തിന്റെയും കഠിന പരിശ്രമത്തിന്റെ നേട്ടമാണത്. വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കുക എന്ന ആര്‍എസ്എസ് അജണ്ട, ജെ.എന്‍.യു. അടക്കമുള്ള വിവിധ കേന്ദ്രസര്‍വകലാശാലകളില്‍ സംഘപരിവാര്‍ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ്. ഇത് യു.പി.യല്ല, കേരളമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങും. ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ വരുംദിനങ്ങളില്‍ വളർന്നുവരും’, ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button