KeralaLatest NewsNews

ലോകായുക്തയെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം: തമിഴ്നാട് ഗവർണർ ആർ.എൻ രവി

തിരുവനന്തപുരം: ലോകായുക്തയെക്കുറിച്ചും അതിൽനിന്നുള്ള സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യവും അഴിമതിരഹിതവുമായ ഭരണ സംവിധാനമാണ് ജനാധിപത്യത്തെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഭരണ രംഗത്ത് അഴിമതി നിലനിന്ന സാഹചര്യത്തിലാണ് ലോകായുക്ത പോലുള്ള സംവിധാനങ്ങൾ രൂപമെടുത്തത്. എന്നാൽ, അതിനെതിരായുള്ള പ്രതിരോധവും സജീവമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ലോകായുക്ത രൂപമെടുക്കാനെടുത്ത കാലതാമസം തന്നെ ഇതിന് ഉദാഹരണമാണ്. കേവലം പണം നൽകി കാര്യം സാധിക്കുന്നതരം അഴിമതിക്കെതിരേ മാത്രമല്ല ലോകായുക്തയ്ക്ക് ഇടപെടാൻ കഴിയുക. ദുർഭരണവും അധികാര ദുർവിനിയോഗവുമെല്ലാം ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങിൽ പങ്കെടുത്ത വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാങ്കേതിക വിദ്യയുടെ ഉപയോഗം ഭരണരംഗത്ത് കൂടുതലായി നടപ്പാക്കണം. ലോകായുക്ത സംവിധാനത്തെ ശക്തിപ്പെടുത്തണം. അഴിമതിമുക്തമായ സമൂഹത്തിലാണു ജനാധിപത്യം ശരിയായ രീതിയിൽ സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ വരുന്ന ഭൂരിഭാഗം കേസുകളിലും ആവലാതിക്കാർക്ക് ആശ്വാസകരമായ തീരുമാനമാണുണ്ടാകുന്നതെന്നും എന്നാൽ, അത്തരം വാർത്തകൾക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നും ചടങ്ങിൽ പങ്കെടുത്ത ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. രാജ്യത്ത് കർക്കശമായ അഴിമതി നിരോധന സംവിധാനം നിലനിൽക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഉപലോകായുക്തമാരായ ജോസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറുൺ ഉൽ റഷീദ്, രജിസ്ട്രാർ ഷിജു ഷെയ്ക് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button