Latest NewsKeralaNews

2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സിൽ പരിശീലനം നൽകും: പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 8 ന്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബർ മുതൽ കേരളത്തിലെ 2000 ഹൈസ്‌കൂളുകളിൽ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും സാങ്കേതിക മേഖലയിലെ അടിസ്ഥാന നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 8 ന് ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ. എൻ ബാലഗോപാൽ മുഖ്യാതിഥിയാകും.

Read Also: ചരിത്രം സൃഷ്ടിച്ച് ഐഎസ്ആര്‍ഒ: സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയകരം

റോബോട്ടിക്‌സ് മേഖലയിൽ പരിശീലനം നൽകുന്നതിന് 2000 ഹൈസ്‌കൂളുകൾക്ക് 9000 റോബോട്ടിക്‌സ് പരിശീലന കിറ്റുകൾ വിതരണം ചെയ്യും. തിരഞ്ഞെടുത്ത 60,000 വിദ്യാർഥികൾക്ക് 4000 കൈറ്റ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ നേരിട്ട് പരിശീലനം നൽകും. പരിശീലനം ലഭിച്ച കുട്ടികൾ മറ്റ് വിദ്യാർഥികൾക്കും പരിശീലനം നൽകുന്ന രീതിയിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

ട്രാഫിക് സിഗ്‌നൽ, പ്രകാശത്തെ സെൻസ് ചെയ്ത് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ്, ഓട്ടോമാറ്റിക് ഡോർ, സെക്യൂരിറ്റി അലാം തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിലും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ശബ്ദ നിയന്ത്രിത ഹോം ഓട്ടോമേഷൻ (IoT), കാഴ്ചശക്തിയില്ലാത്തവർക്കുള്ള വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ സബ്ജില്ല, ജില്ലാതലത്തിലും കുട്ടികൾ പരിശീലിക്കുന്നു. ഇതോടൊപ്പം സ്‌ക്രാച്ച് ഉപയോഗിച്ച് കമ്പ്യൂട്ടർ ഗെയിം തയാറാക്കൽ, പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ‘ആപ്പ് ഇൻവെന്റർ’ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ് പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി കുട്ടികൾ പരിശീലിക്കുന്നുണ്ട്.

ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പ്രധാന പരിശീലന മേഖലയാണ് റോബോട്ടിക്‌സ്. ഈ മേഖലയിലെ പരിശീലനം വഴി റോബോട്ടിക്‌സ്, ഐ.ഒ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനം നേടുന്നതിന് പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇതിനായി പ്രോഗ്രാമിങ് പരിശീലിക്കുന്നത് കുട്ടികളിലെ യുക്തിചിന്ത, പ്രശ്‌നനിർദ്ധാരണശേഷി എന്നിവ വളർത്താനും സഹായകരമാകും.

സ്‌കൂളിലേക്ക് നൽകുന്ന ഓരോ റോബോട്ടിക് കിറ്റിലും ആർഡിനോ യൂനോ Rev3, എൽ.ഇ.ഡി.കൾ, എസ്ജി90 മിനി സർവോ മോട്ടോർ, എൽ.ഡി.ആർ. സെൻസർ മൊഡ്യൂൾ, ലൈറ്റ് സെൻസർ മൊഡ്യൂൾ, ഐ.ആർ. സെൻസർ മൊഡ്യൂൾ, ആക്ടീവ് ബസർ മൊഡ്യൂൾ, പുഷ് ബട്ടൺ സ്വിച്ച്, ബ്രെഡ്‌ബോർഡ്, ജംപർ വയറുകൾ, റെസിസ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നും അധികമായി ആവശ്യം വരുന്ന സ്‌പെയറുകൾ നേരിട്ട് വാങ്ങാൻ കൈറ്റ് അവസരമൊരുക്കിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.

Read Also: മൃതദേഹം ദഹിപ്പിക്കണമെന്ന് വാശി പിടിച്ചു, വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയെന്ന വാർത്ത കളവ്: നിർണ്ണായക വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button