KeralaLatest News

കിടങ്ങാംപറമ്പ് : ആയിരക്കണക്കിന് ആൾക്കാരെ നിയന്ത്രിക്കാൻ ഭാരവാഹികൾക്ക് കഴിഞ്ഞതിനാൽ വൻ സംഘർഷം ഒഴിവായി- സന്ദീപ് വാചസ്പതി

ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ക്ഷേത്രത്തിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടം വിശ്വാസികൾക്ക് നേരെ ഉണ്ടായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ചാണ് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയത്. ഗർഭിണി അടക്കം 25 ഓളം ഭക്തരെ തല്ലിച്ചതച്ചു. നിരവധി സ്ത്രീകൾക്ക് മർദ്ദനമേറ്റിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം ക്ഷേത്ര വിശ്വാസികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ചാണ് പൊലീസ് ക്ഷേത്രത്തിൽ കടന്നു കയറി മർദ്ദനം നടത്തിയത്. ഗർഭിണി അടക്കം 25 ഓളം ഭക്തരെ തല്ലിച്ചതച്ചു. നിരവധി സ്ത്രീകൾക്ക് മർദ്ദനമേറ്റിട്ടുണ്ട്. പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് ഒരു ചെറുപ്പക്കാരനെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിച്ചു. അവിടെ നടന്ന കിരാത നടപടിയുടെ ഉത്തരവാദിത്വം എസ്.ഐയുടെ തോളിൽ വെച്ച് തല ഊരാനാണ് ജില്ലാ ഭരണകൂടം ഇപ്പൊൾ ശ്രമിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കിടങ്ങാംപറമ്പ് ക്ഷേത്രത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ദേവ സന്നിധിയിൽ പൊലീസ് കയറുന്നത്. ക്ഷേത്ര ഭാരവാഹികളുടെ ഉന്നതമായ സാംസ്കാരിക ചിന്തയും സൗമനസ്യവും കൊണ്ടാണ് വൻ സംഘർഷം ഒഴിവായത്. ആയിരക്കണക്കിന് ആൾക്കാരെ നിയന്ത്രിക്കാൻ ഭാരവാഹികൾ കാണിച്ച സംയമനം അഭിനന്ദനാർഹമാണ്. ഗാനമേളയുടെ അവസാന ഗാനം പാടാനുള്ള 5 മിനിറ്റ് സമയം കൂടി അനുവദിച്ചാൽ സംസ്ഥാനത്തെ ക്രമസമാധാന നില തകരുമായിരുന്നോ എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കണം. (ഇതര മത ആരാധനാലയങ്ങളോടും ഇതേ കാർക്കശ്യം കാണിക്കുമോ എന്നും അങ്ങനെ ഉണ്ടായാൽ എന്താകുമായിരുന്നു പ്രതികരണം എന്നുമുള്ള ചോദ്യം ഉന്നയിക്കുന്നില്ല.)

സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ചുമതല ഉണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ തന്നെയാണ് നില വഷളാക്കിയത് എന്നാണ് ക്ഷേത്ര ഭാരവാഹികൾ നൽകിയ വിവരം. ഇത്തരക്കാരെ സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്താൻ അധികാരികൾ തയ്യാറാകണം. പൊതു സമൂഹത്തിൻ്റെ കണ്ണിൽ പൊടിയിടാനുള്ള നടപടിയല്ല വേണ്ടത്.
……..
മർദ്ദനമേറ്റവരെയും ക്ഷേത്ര ഭാരവാഹികളെയും സന്ദർശിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, മണ്ഡലം അധ്യക്ഷൻ സജി.പി ദാസ്, ജനറൽ സെക്രട്ടറി ഡി. ജി സാരഥി, നഗരസഭാ കൗൺസിലർ മനു ഉപേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അതേസമയം, ഉത്സവത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് സബ് കളക്ടർ അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ലഭിക്കുംവരെ പോലീസുദ്യോഗസ്ഥരെ മാറ്റി നിർത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉത്സവ നടത്തിപ്പിന് എല്ലാ സഹായവും നൽകുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.

കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബർ 24ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജിയെ ചുമതലപ്പെടുത്തി ജില്ല കളക്ടർ ഉത്തരവിറക്കി. സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ കൂടിയ ബന്ധപ്പെട്ടവരുടെ അനുരഞ്ജന യോഗത്തെത്തുടർന്നാണ് ഉത്തരവ്. ക്ഷേത്ര ഉത്സവം സുഗമമായും തടസ്സം കൂടാതെയും സംഘടിപ്പിക്കുന്നതിന് ദേവസ്വം കമ്മിറ്റിയ്ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ എം.എൽ.എ പി.ചിത്തരഞ്ജൻ ഉറപ്പ് നൽകി.

ഒരാഴ്ചയ്ക്കുള്ളിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള മജിസ്റ്റിരിയൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നിർദ്ദേശിച്ചു. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
യോഗത്തിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ദേവസ്വം ഭാരവാഹികൾ വിവിധ വിഷയങ്ങൾ യോഗത്തിൽ സംസാരിച്ചു. തുടർന്ന് കിടങ്ങാം പറമ്പ്, മുല്ലയ്ക്ക്ൽ ക്ഷേത്രോത്സവങ്ങൾ കഴിയുന്നതുവരെ ഉത്സവ സ്ഥലത്ത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിച്ചതായും ജില്ല കളക്ടർ അറിയിച്ചു.

അനുരഞ്ജന യോഗത്തിൽ സബ് കളക്ടർ സൂരജ് ഷാജി, മുൻസിപ്പൽ ചെയർപേഴ്‌സൺ സൌമ്യ രാജ്, എ.ഡി.എം. സന്തോഷ് കുമാർ.എസ്., കിടങ്ങാംപറമ്പ് ക്ഷേത്രയോഗം പ്രസിഡൻറ് കെ.എസ്.ഷാജി കളരിയ്ക്കൽ, ഭാരവാഹികളായ സ്‌കന്ദൻ ആർ., ജി.മോഹൻദാസ്, അഡ്വ. പ്രമൽ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button