KeralaLatest News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സംരക്ഷണമെന്ന പേരിൽ കൂടെ താമസിച്ച് സ്ഥലവും സ്വർണവും കൈക്കലാക്കി സിപിഎം കൗൺസിലർ

തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍. ഇയാളുടെ ഭാര്യയും കൂടിയാണ് തട്ടിപ്പിൽ പങ്കാളിയായത്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ വയോധികയുടെ വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനും എതിരെയാണ് പരാതി. മാരായമുട്ടം പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവർ. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിക്കുന്നത്. ഇത് മനസ്സിലാക്കിയ സുജിന്‍ 2021 ഫെബ്രുവരിയില്‍ ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്‍റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതിൽ പലതും പണയം വെച്ചു. ചിലത് വിറ്റു.

സൗഹൃദത്തിന്റെ മറവിൽ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം. ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു.  എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വര്‍ണവും കൊടുത്തില്ലെന്നും ബേബി കണ്ണീരോടെ പറഞ്ഞു.

പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല. ബേബി നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാനെ കണ്ട് പരാതി കൊടുത്തു. ചെയര്‍മാന്‍ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിൻ വഴങ്ങിയില്ല. ബേബി മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സുജിന്‍റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നും വയോധിക പറയുന്നുണ്ട്. ഒരു നുള്ള് സ്വര്‍ണം പോലും എടുത്തില്ലെന്നായിരുന്നു സുജിൻ പറയുന്നത്. ആരോപണങ്ങളെല്ലാം വ്യാജമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button