KeralaLatest NewsNews

വിജേഷിന് സി.പി.എമ്മുമായോ ഗോവിന്ദനുമായോ യാതൊരു ബന്ധവുമില്ല, നാട് വിട്ടിട്ട് കാലമേറെയായി: വിജേഷിന്റെ അച്ഛൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ വിശ്വാസമില്ലെന്ന് വിജേഷ് പിള്ളയുടെ പിതാവ്. സി.പി.എം പാർട്ടിയുമായോ ഗോവിന്ദനുമായോ തന്റെ മകൻ വിജേഷിന് ബന്ധമില്ലെന്നാണ് ഇയാളുടെ പിതാവ് വാദിക്കുന്നത്. മകന് ബിസിനസ് ആണെന്നും, സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞ ഇയാൾ, മകൻ നാട് വിട്ട് പോയിട്ട് കാലം കുറേയായെന്നും വ്യക്തമാക്കി.

അതേസമയം, ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസിൽ ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങില്ലെന്നും അവസാനശ്വാസം വരെ പൊരുതുമെന്നും അവർ വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് (വിജേഷ് പിള്ള) ഇടനിലക്കാരനായി എത്തിയതെന്നും വെളിപ്പെടുത്തിയ സ്വപ്ന, കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഫോൺവിളികളുടെയും ചാറ്റുകളുടെയും വിവരങ്ങളും പുറത്തുവിട്ടു.

‘കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്നയാൾ മൂന്നു ദിവസം മുൻപ് വിളിച്ചു. അഭിമുഖത്തിനെന്ന പേരിലാണ് ബെംഗളൂരുവിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങൾ ഉണ്ടെങ്കിൽ അവർ നശിപ്പിക്കാമെന്നും വിജയ് പിള്ള പറഞ്ഞു. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞു. എന്നെ നശിപ്പിക്കുമെന്നും കൊല്ലുമെന്നുമായിരുന്നു ഭീഷണി.

മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽനിന്ന് യുകെയിലോ മലേഷ്യയിലോ പോകാനുള്ള അവസരം ഉണ്ടാക്കാമെന്നും സ്വപ്ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞു. ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ്‍‌ പിള്ള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ‌ കള്ളവീസ തയാറാക്കിത്തരാം എന്നാണ് പറഞ്ഞത്’, സ്വപ്ന വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button