Latest NewsIndia

ഏകപക്ഷീയമായ നടപടി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. തലാഖ് ഏകപക്ഷീയമായ വിവാഹ മോചന നടപടിയാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. മുത്തലാഖിന്റെ മറ്റൊരു രൂപമായ തലാഖ്-ഇ ഹസൻ ചൊല്ലി ഷമി തന്നെ മൊഴിചൊല്ലിയെന്നും ഹസിൻ ജഹാൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെയും മുഹമ്മദ് ഷമിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരമാണ് നടന്നതെന്ന് ഹസിൻ വ്യക്തമാക്കുന്നു. 2014 -ൽ കൊൽക്കത്തയിൽ വച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം പിന്നീട് നിയമപരമായി രജിസ്റ്റർ ചെയ്തു. എന്നാൽ കഴിഞ്ഞവർഷം ജൂലായിൽ തന്നെ തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്ന് കാട്ടി ഷമി നോട്ടീസ് നൽകിയെന്നും ഇതിന് താൻ മറുപടി നൽകിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജഹാൻ വ്യക്തമാക്കുന്നു.

മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ്-ഇ ഹസൻ. ഇത്തരത്തിൽ ഭർത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാൽ നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹർജിയിൽ പറയുന്നുണ്ട്. തലാഖുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിക്കൊപ്പം തന്റെ ഹർജി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹസിൻ ജഹാനായി ഹർജി സമർപ്പിച്ചത്.

അതേസമയം, വിവാഹ മോചനക്കേസിൽ മുഹമ്മദ് ഷമിക്ക് തിരിച്ചടി നേരിട്ടിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ ഷമി, മുൻ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നൽകണമെന്ന് കൊൽക്കത്തയിലെ അലിപൂർ കോടതി ഉത്തരവിട്ടിരുന്നു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി നൽകണണമെന്നായിരുന്നു ഹസിൻ ജഹാൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. 2018-ൽ വിവാഹ മോചനകേസ് ഫയൽ ചെയ്തപ്പോഴാണ് പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ജഹാൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയ ഹസിൻ ജഹാൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button