Life StyleHealth & Fitness

വണ്ണം കുറയ്ക്കുകയാണോ? എങ്കില്‍ തീര്‍ച്ചയായും ഈ 5 കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം

ജീവിതരീതികളിലെ പിഴവ് മൂലമാണ് മിക്കവരിലും വണ്ണം കൂടുന്ന അവസ്ഥയുണ്ടാകുന്നത്. ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ വലിയൊരു പരിധി വരെ ഇത് പരിഹരിക്കാനും സാധിക്കും. നിലവില്‍ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും അമിതവണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിതവണ്ണം, പല അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. അതിനാല്‍ തന്നെ ശരീരഭാരം അമിതമാകുന്നത് നിയന്ത്രിച്ചേ മതിയാകൂ.

ചിലരില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, മരുന്നുകള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മൂലം വണ്ണം കൂടാം. ഇത്തരക്കാര്‍ അവര്‍ക്ക് യോജിക്കും വിധത്തിലുള്ള ചികിത്സ തേടുകയാണ് വേണ്ടത്.

മറ്റുള്ളവരാകട്ടെ ഡയറ്റ് അടക്കമുളള ജീവിതരീതിയില്‍ കാര്യമായ നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടത്. ഡയറ്റ് മാത്രം കൊണ്ട് മാത്രം വണ്ണം കുറയ്ക്കാന്‍ സാധിക്കുകയില്ല, ഡയറ്റിനൊപ്പം തന്നെ വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ സ്വീകരിക്കേണ്ട ഡയറ്റുകളെ കുറിച്ചും വര്‍ക്കൗട്ടുകളെ കുറിച്ചുമെല്ലാം ഇന്ന് ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇതെല്ലാം പാലിച്ച് മുന്നോട്ട് പോകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ഒന്ന്…

ഡയറ്റും വര്‍ക്കൗട്ടും തുടങ്ങുന്നതോടെ തന്നെ വണ്ണം പാടെ കുറയുമെന്ന് പ്രതീക്ഷിക്കരുത്. ചിലരില്‍ ചില ഡയറ്റ് ഫലം പോലും നല്‍കില്ല. ചിലര്‍ക്ക് ഏറെ സമയമെടുക്കാം നല്ല ഫലം ലഭിക്കാന്‍. ഇതിനിടെ നിരാശയോ ചെയ്യുന്ന കാര്യങ്ങളോട് ദേഷ്യമോ വരാതിരിക്കാന്‍ നോക്കുക. ഇത്തരത്തിലുള്ള സമീപനം നല്ലതല്ല.

രണ്ട്…

ഡയറ്റോ വര്‍ക്കൗട്ടോ തുടങ്ങിയ ശേഷം ഓരോ വ്യക്തിയുടെ ആരോഗ്യത്തിനും പ്രായത്തിനുമെല്ലാം അനുസരിച്ച് അതുമായി ചേര്‍ന്നുപോകാന്‍ അല്‍പസമയമെടുക്കും. ഈ സമയത്ത് ഫലം കണ്ടില്ലെന്ന് വച്ച് ശ്രമം ഉപേക്ഷിക്കരുത്. ഈ സമയം കൊണ്ട് മാത്രം ഫലത്തെ വിലയിരുത്തുകയും ചെയ്യരുത്. മൂന്ന് മാസമെങ്കിലും കുറഞ്ഞത് ഇക്കാര്യങ്ങളില്‍ അനുവദിക്കണം.

മൂന്ന്…

വര്‍ക്കൗട്ട് ഒരു ‘ശിക്ഷ’ പോലെ ചെയ്യുന്നവരുണ്ട്. ഒരിക്കലും ഇത് ചെയ്യരുത്. വര്‍ക്കൗട്ട് പൂര്‍ണ്ണമായും ആസ്വദിച്ചും അറിഞ്ഞും ചെയ്യുക. അതുപോലെ തന്നെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പരിശീലകരുടെ നിര്‍ദ്ദേശമില്ലാതെയോ വിദഗ്ധരുടെ മേല്‍നോട്ടമില്ലാതെയോ കടക്കരുത്. അത് അപകടമാണെന്ന് മനസിലാക്കുക.

നാല്…

ഡയറ്റ് ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഭക്ഷണത്തോട് ഒരുതരം ശത്രുത വച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ സമീപനം സ്വയവും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാം. ഭക്ഷണം മിതപ്പെടുത്തുന്നു, നല്ലത് മാത്രം തെരഞ്ഞെടുത്ത് കഴിക്കുന്നു എന്നതാണ് ഡയറ്റ് കൊണ്ടുദ്ദേശിക്കുന്നത്.

അഞ്ച്…

ഡയറ്റും വര്‍ക്കൗട്ടും തുടങ്ങി പിറ്റേന്ന് മുതല്‍ മാറ്റം കാണുന്നുണ്ടോയെന്ന് പരിശോധന തുടങ്ങും. വയര്‍ കുറഞ്ഞില്ലല്ലോ, ഇടുപ്പില്‍ കൊഴുപ്പ് കുറഞ്ഞില്ലല്ലോ എന്നിങ്ങനെ ഓരോ വേവലാതിയും വരാം. എന്നാല്‍ ഈ പ്രവണത ശരിയല്ല. വര്‍ക്കൗട്ടും ഡയറ്റും തുടങ്ങി പിറ്റേന്ന് മുതല്‍ തന്നെ കലോറിയും കിലോയും അളന്നുതിട്ടപ്പെടുത്താന്‍ നില്‍ക്കേണ്ട.  ശരീരത്തിനും മനസിനും ആശ്വാസവും സമയവും നല്‍കുക. ആരോഗ്യകരമായ മാറ്റം തനിയെ സംഭവിച്ചോളും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button