Latest NewsKeralaIndia

കലാമണ്ഡലം ചാൻസലര്‍ മല്ലിക സാരാഭായിയുടെ ശമ്പള ആവശ്യം അംഗീകരിച്ചാല്‍ മൂന്ന് ലക്ഷം മാസം നല്‍കണം

തിരുവനന്തപുരം: ലോകപ്രശസ്ത നര്‍ത്തകിയും കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ശമ്പളവും അര്‍ഹമായ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കി. അപേക്ഷ അംഗീകരിച്ചാല്‍ പ്രതിമാസം ഏതാണ്ട് മൂന്നുലക്ഷം രൂപ നല്‍കണം. നിലവില്‍, യാത്രാബത്തയടക്കമുള്ള ചെലവുകള്‍ സര്‍വകലാശാല വഹിക്കുന്നുണ്ട്.

2022 ഡിസംബറിലാണ് സാരാഭായിയെ ചാൻസലറായി നിയമിച്ചത്. സമൂഹ പരിവര്‍ത്തനത്തിന് കലയെയും സാഹിത്യത്തെയും പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലിക സാരാഭായിയെന്ന് അന്ന് പ്രോ-ചാൻസലറായ സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. 2006 മുതല്‍ ഗവര്‍ണറായിരുന്നു ചാൻസലര്‍. പിന്നീട്, പ്രത്യേക ഉത്തരവിലൂടെ ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു.

ചാൻസലറുടെ നിയമനകാര്യം കല്പിത സര്‍വകലാശാലയുടെ സ്‌പോണ്‍സറിങ് ഏജൻസിക്ക് തീരുമാനമെടുക്കാമെന്നാണ് യുജിസി വ്യവസ്ഥ. സംസ്ഥാന സര്‍ക്കാറാണ് ഈ ഏജൻസി. നിയമനം മൂലം സര്‍ക്കാറിന് പ്രത്യേക സാമ്പത്തിക ബാധ്യതകളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. കേരള കലാമണ്ഡലത്തെ സാംസ്‌കാരിക സര്‍വകലാശാലയാക്കി മാറ്റാൻ ആലോചനയുണ്ട്. അപ്പോഴും മല്ലിക തന്നെ തുടരാനാണ് സാധ്യത.

അതേസമയം, ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാൻ സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. മൃണാളിനി സാരാഭായിയുടെയും, പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായി 1953-ല്‍ പാലക്കാട് ജില്ലയിലാണ് മല്ലിക ജനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button