Latest NewsIndia

ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് വ്യവസായിയ്ക്ക് നല്‍കി,  മഹുവയ്ക്കെതിരെ അഴിമതി ആരോപണവും

ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മോയ്ത്രയ്‌ക്കെതിരെ അഴിമതിയാരോപണവുമായി ബിജെപി. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദരാനിയില്‍ നിന്ന് പണവും മറ്റ് ഉപഹാരങ്ങളും മഹുവ മോയ്ത്ര കൈക്കൂലിയായി കൈപ്പറ്റിയതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഇതിന് പകരമായി തന്റെ ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് മഹുവ മോയ്ത്ര വ്യവസായിയ്ക്ക് നല്‍കിയതായും ഇതില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി ആരോപിക്കുന്നു.

ഇത് സംബന്ധിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി എംപി കത്തയച്ചിട്ടുണ്ട്.മഹുവ മോയ്ത്ര ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയതിന് തെളിവുകളടക്കമുള്ള കത്ത് സൂപ്രീം കോടതിയിലെ പ്രമുഖനായ അഭിഭാഷകനില്‍ നിന്നും തനിക്ക് ലഭിച്ചതായി കാട്ടി ബിജെപി എംപി ഞായറാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. മഹുവ ലോക്‌സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വ്യവസായിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

ഇത് 2005ലെ ‘ക്യാഷ് ഫോര്‍ ക്വറി’ അഴിമതിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് പറഞ്ഞ ബിജെപി എംപി കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.അതേസമയം, മഹുവ മൊയ്ത്ര തന്റെ ലോക്‌സഭാ എം പി സ്ഥാനം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും ലോക് സഭാ വെബ്‌സൈറ്റിലേക്കുള്ള ലോഗിന്‍ ആക്‌സസ് ക്രെഡന്‍ഷ്യലുകളിലേക്ക് ഹിരാനന്ദാനിക്കും അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹിരാനന്ദാനി ഗ്രൂപ്പിനും ആക്സസ് നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും നിഷികാന്ത് ദുബെ കേന്ദ്ര മന്ത്രിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഇന്ത്യയുടെ ദേശീയ സുരക്ഷയുടെ ലംഘനവുമാണ് എം പി നടത്തിയതെന്ന് തെളിയും. കൂടാതെ മൊയ്ത്രയുടെ ലോക്സഭാ അക്കൗണ്ടിന്റെ എല്ലാ ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെയും ഐപി വിലാസം കണ്ടെത്താനും അവര്‍ ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ നിന്ന് അവരുടെ അക്കൗണ്ടില്‍ നിന്ന് വെബ്‌സൈറ്റിലേക്ക് ആക്‌സസ് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു.

അടുത്തിടെ വരെ ലോക്സഭയില്‍ തൃണമൂല്‍ എംപി ചോദിച്ച 61 ചോദ്യങ്ങളില്‍ 50 എണ്ണവും ഹിരാനന്ദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഉന്നയിച്ചതെന്നും സഭയില്‍ നിന്ന് വിവരങ്ങള്‍ തേടിയതെന്നും ആരോപണം ഉയരുന്നതായി നിഷികാന്ത് ദുബെ കൂട്ടിച്ചേര്‍ത്തു. അതേസമയം, ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി. അഭിഭാഷകനായ ആനന്ദ് ദെഹദ്രായ് ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button