KeralaLatest News

കേരളീയം: ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേരളീയത്തിന് ലൈറ്റിട്ട വകയിലാണ് അഡ്വാൻസ് അനുവദിച്ചത്. ആഹാരം നൽകാൻ സ്പോൺസര്‍മാരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ വകുപ്പുകൾക്ക് ഏഴ് ലക്ഷം രൂപ അനുവദിച്ചിടുണ്ട്. സര്‍ക്കാർ ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും കാണികളുടെ എണ്ണക്കുറവ് പരിഹരിക്കാൻ കുടുംബത്തോടെ എത്തണമെന്നാണ് വാക്കാലുള്ള നിർദേശം.

നഗരത്തിലാകെ ലൈറ്റിട്ട് അലങ്കരിക്കാനുള്ള ചുമതല ഏറ്റെടുത്തത് ഊരാളുങ്കലാണ്. 25 ലക്ഷം രൂപ തുടക്കത്തിൽ അഡ്വാൻസ് നൽകി. പുതിയതായി അനുവദിച്ച 25 ലക്ഷം രൂപ കൂടി ചേര്‍ത്താൽ അരക്കോടിയാണ് സര്ക്കാര്‍ ഊരാളുങ്കലിന് അനുവദിച്ച മുൻകൂര്‍ പണം. കേരളീയത്തിന് പൊതുവെ ആളെത്തുന്നില്ലെന്ന പരാതിക്കൊപ്പം ജോലിക്ക് തടസമില്ലാതെ സെമിനാറിൽ അടക്കം പങ്കെടുക്കാമെന്ന ഉത്തരവ് മറയാക്കി സര്‍ക്കാര്‍ ജീവക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ടിറങ്ങുന്നെന്ന ആക്ഷേപവുമുണ്ട്.

പരമാവധി ആളെ പങ്കെടുപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പുകൾ മുൻകയ്യെടുത്ത് മറ്റ് ജില്ലകളിൽ നിന്നും ആളെ ഇറക്കുന്നുണ്ട്. ഇതിലെല്ലാം പുറമെ ആഴ്ച അവസാനത്ത അവധി ദിവസങ്ങളിൽ സര്‍ക്കാര്‍ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും കുടുംബത്തോടെ എത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളീയത്തിന് തുക അനുവദിച്ച് ആദ്യ ഉത്തരവിൽ തന്നെ പരമാവധി ചെലവിന് സ്പോൺസര്‍മാരെ കണ്ടെത്തണമെന്ന നിര്‍ദ്ദേശം സര്‍ക്കാർ മുന്നോട്ട് വച്ചിരുന്നു. വിവിധ കമ്മിറ്റികൾക്കായി പ്രാഥമിക ചെലവുകൾക്ക് തുക ഇനം തിരിച്ച് അനുവദിച്ചിരുന്നു. 27 കോടി രൂപ ആദ്യം അനുവദിച്ചതിന് പുറമെയാണ് സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരമടക്കം സൗകര്യങ്ങൾ ഒരുക്കാൻ സ്പോൺസർമാരെ കിട്ടാത്ത വകുപ്പുകൾക്ക് മാത്രമായി ഏഴ് ലക്ഷം രൂപ കൂടി അനുവദിച്ചത്. പ്ലാൻ ഫണ്ടിൽ നിന്നോ നോൺ പ്ലാൻ തുക എടുക്കാം. സെമിനാര്‍ നടത്താൻ ചുമതലയില്ലാത്ത വകുപ്പുകൾക്കും കേരളീയത്തിൽ പങ്കെടുക്കാൻ നാല് ലക്ഷം രൂപ വരെ ചെലവാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button