Latest NewsNewsLife Style

കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

ഇന്ത്യൻ വിഭവങ്ങളില്‍ പ്രത്യേകിച്ച് കറികളില്‍ ഒഴിച്ചുകൂടാനാകാത്തൊരു ചേരുവയാണ് കറിവേപ്പില. കറിവേപ്പിലയില്ലാതെ മിക്ക വിഭവങ്ങളും നമുക്ക് പൂര്‍ണമാകില്ല. കറികള്‍ക്കെല്ലം ഫ്ളേവര്‍ നല്‍കുന്നതിനാണ് പ്രധാനമായും കറിവേപ്പില ഉപയോഗിക്കുന്നത്.

എന്നാല്‍ ഗന്ധത്തിനും രുചിക്കും മാത്രമല്ല ആരോഗ്യത്തിനും കറിവേപ്പിലയ്ക്ക് പലതും നല്‍കാനാകും. ആന്‍റി-ഓക്സിഡന്‍റ്സ്, ധാതുക്കള്‍ (മിനറല്‍സ്), മറ്റ് പോഷകങ്ങളാലെല്ലാം സമ്പന്നമാണ് കറിവേപ്പില. ദിവസവും മിതമായ അളവില്‍ കറിവേപ്പില കഴിക്കാനായാല്‍ അവശ്യം വൈറ്റമിനുകളുറപ്പിക്കാം. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയുടെയെല്ലാം ഉറവിടമാണ് കറിവേപ്പില.

ഇതിന് പുറമെ ബാക്ടീരിയ പോലുള്ള രോഗാണുക്കളുടെ ആക്രമണത്തെ ചെറുക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇങ്ങനെ പല ആരോഗ്യഗുണങ്ങളും കറിവേപ്പിലയ്ക്കുണ്ട് കെട്ടോ. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതിനെ കുറിച്ചറിയൂ…

കറിവേപ്പിലയിലുള്ള വൈറ്റമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ അകറ്റാനുമെല്ലാം സഹായിക്കുന്നു.

വൈറ്റമിൻ സി ആണെങ്കില്‍ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനും മുടിയുടെയും ചര്‍മ്മത്തിന്‍റെയും അടക്കം ആരോഗ്യം സൂക്ഷിക്കുന്നതിനുമെല്ലാം സഹായിക്കുന്നു.

വൈറ്റമിൻ ഇ കാര്യമായും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയാണ് സ്വാധീനിക്കുന്നത്. മുഖക്കുരു, ശരീരത്തില്‍ ചെറിയ കുരുക്കള്‍ വരുന്നത് പോലുള്ള സ്കിൻ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു.

കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റ്സ് വയറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ദഹനപ്രശ്നങ്ങളകറ്റാനുമെല്ലാം സഹായിക്കുന്നു.

ചര്‍മ്മത്തിലെ കോശങ്ങളിലേക്ക് രക്തം ഓടിയെത്തുന്നതിനും അതുവഴി ഓക്സിജൻ വിതരണം കൃത്യമായി നടക്കുന്നതിനുമെല്ലാം കറിവേപ്പിലയിലെ പോഷകങ്ങള്‍ സഹായിക്കുന്നു. അതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തെയും കറിവേപ്പില വളരെയധികം മെച്ചപ്പെടുത്തുന്നു.

കറിവേപ്പില ആദ്യമേ സൂചിപ്പിച്ചത് പോലെ കറികളില്‍ ചേര്‍ത്തും അല്ലാതെ പൊടിച്ച് വച്ച് സലാഡുകളിലും ജ്യൂസുകളിലും ചേര്‍ത്തുമെല്ലാം കഴിക്കാം. എന്നാല്‍ ഇല നന്നായി കഴുകിയ ശേഷം പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം മിതമായ അളവിനെ കുറിച്ചോര്‍ക്കണേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button