KeralaLatest NewsNewsLife StyleHealth & Fitness

വേനൽക്കാലം: ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

വേനൽക്കാലരോഗമായ ചിക്കൻപോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വേരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഈ രോഗത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകിയിരിക്കുന്ന നിർദ്ദേശം.

പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്സിന്റെ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കൻപോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്സിൽ സാധാരണയാണ്.

മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്. എന്നാൽ, കൈകാലുകളിൽ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.

ചിക്കൻപോക്സിന്റെ സങ്കീർണതകൾ:

ഗർഭത്തിന്റെ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചകളിൽ അമ്മയ്ക്ക് ചിക്കൻപോക്സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കുമെന്നതിനാൽ ഗർഭിണികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കൻപോക്സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്നങ്ങൾ സങ്കീർണമാക്കാറുണ്ട്. ചിക്കൻ പോക്സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗർഭിണികളിലും ദുർബലരിലും സങ്കീർണതയ്ക്കിടയാക്കുംകുമിളകൾ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരിൽ സങ്കീർണത സൃഷ്ടിക്കും. പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ ഭക്ഷണങ്ങളാണ് ചിക്കൻപോക്സ് ബാധിച്ചവർക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കേണ്ടത്:

രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ വിവരമറിയിക്കുകയും ചികിത്സ എടുക്കുകയും വേണം. രോഗികൾ മറ്റുള്ളവരിൽ നിന്നുമുള്ള സമ്പർക്കം ഒഴിവാക്കി വൃത്തിയും വായുസഞ്ചാരവുമുള്ള മുറിയിൽ കഴിയേണ്ടതാണ്.കുട്ടികൾ, മുതിർന്നവർ,അനുബന്ധ രോഗങ്ങൾ ഉള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.കുരു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക.

മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.സ്വയം ചികിത്സ ഒഴിവാക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കേണ്ടതാണ്. ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറയ്ക്കുന്നു. സ്വയം ചികിത്സ ഒഴിവാക്കുക.

സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചിക്കൻപോക്‌സിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button