Latest NewsIndiaDevotional

നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധമായ ഒന്നാണ് ഭസ്മം: ഭസ്മം ധരിച്ചാൽ..

ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്

ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്.

നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.

ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്.

ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.

ശിവരൂപം:
മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

തൃക്കണ്ണ് :
ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ , ത്രയംബകം  എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

ചന്ദ്രകല :
ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു . അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

ഭസ്മം:
ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

ജട:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

നീലകണ്ഠം:
സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഗംഗാനദി:
സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

നാഗങ്ങൾ:
നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

മാൻ:
കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

തൃശൂലം:
ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.

ഢമരു:
ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

നന്തി:
ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button