Latest NewsIndiaNews

രജൗരിയില്‍ പാക് ഷെല്ലാക്രമണം രൂക്ഷമാകുന്നു : സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു ; പ്രതിരോധം ശക്തമാക്കി ഇന്ത്യ

പാകിസ്ഥാൻ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

ശ്രീനഗര്‍ : രജൗരിയില്‍ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്കുമാര്‍ ഥാപ്പയാണ് മരിച്ചത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീട് തകര്‍ന്നിരുന്നുവെന്നും ഒമര്‍ അബ്ദുള്ള എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

പാകിസ്ഥാൻ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ തുടരണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കിംവദന്തികള്‍ അവഗണിക്കണം. അടിസ്ഥാനരഹിതമോ സ്ഥിരീകരിക്കാത്തതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മള്‍ ഒരുമിച്ച് ഇത് മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാകിസ്ഥാനിലെ കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തി. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായിരുന്നു ഇത്. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണമുണ്ടായി.

ജമ്മുവില്‍ ഒരു പാക് പോര്‍ വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ജമ്മുവില്‍ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിര്‍സയില്‍ പാകിസ്താന്റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറില്‍ പുറത്തിറങ്ങരുതെന്ന് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി വൈകി വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇക്കാര്യം പാകിസ്ഥാൻ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകള്‍ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിച്ചെന്നും പാകിസ്ഥാൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button