
ആലുവ : കഞ്ചാവു കടത്തിന് പുതിയ രീതി. 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ ‘നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി.
തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. സൈക്കിൾ പമ്പ് വിൽപ്പനക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. പിടികൂടാതിരിക്കാനുള്ള തന്ത്രമായിരുന്നു. അന്വേഷണ സംഘം അത് പൊളിച്ചടക്കി. ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി. ടി. ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സാബു.ജി തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്
Post Your Comments