KeralaLatest NewsNews

പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് ഉദ്യോ​ഗസ്ഥരുടെ മൊഴി

കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ചു കൊന്ന ഐവിൻ ജോയ്ക്ക് നാടിൻ്റെ യാത്രാമൊഴി. തുറവൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളി വീട്ടിൽ നൂറുകണക്കിനാളുകളാണ് ഐവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. റിമാൻഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കു നേരെ അങ്കമാലി കോടതി പരിസരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധമുയർത്തി.

പ്രിയപ്പെട്ടവരുടെയെല്ലാം മനസിൽ തീരാ ദുഖം ബാക്കിയാക്കി ഐവിൻ മടങ്ങി. മാതാപിതാക്കളുടെയും സഹോദരിയുടെയും സങ്കടം തുറവൂർ ഗ്രാമത്തിൻ്റെയാകെ നൊമ്പരമായി. പൊതുദർശനം നടന്ന തുറവൂരിലെ വീട്ടിലും പിന്നീട് പള്ളിയിലും നൂറു കണക്കിനാളുകൾ ഐവിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.

അതിനിടെ, ഐവിനെ കാറിടിപ്പിച്ചു കൊന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയ് കുമാർ ദാസിനെയും മോഹൻ കുമാറിനെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന മൊഴിയാണ് ഇരുവരും പൊലീസിന് നൽകിയത്. അങ്കമാലി കോടതിയിൽ നിന്ന് പ്രതികളെ ഇറക്കുമ്പോൾ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവർത്തകരെത്തിയത് സംഘർഷത്തിന് വഴിവച്ചു. നെടുമ്പാശേരിയിലെ സി ഐ എസ് എഫ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു.

വാഹനങ്ങൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു ഐവിനെ കഴിഞ്ഞ ദിവസം രാത്രി സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്ന് വാഹനമിടിപ്പിച്ച് കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button