
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിലെ പുതിയ സ്റ്റാന്‍ഡിൽ കെട്ടിടത്തിന് തീ പിടിച്ചു. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേമാക്കുകയാണ്. വൈകിട്ട് അഞ്ചരയോടെയാണ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ രണ്ടാം നിലയിലെ തീപ്പിടിത്തമുണ്ടായത്.
കടയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആദ്യം മെഡിക്കൽ ഷോപ്പിലായിരുന്നു തീപ്പിടിച്ചത്. തുടർന്ന് വസ്ത്ര വ്യാപാരശാലയായ കാലിക്കറ്റ് ടെക്സ്റ്റൈൽസിലേക്ക് തീ പടരുകയായിരുന്നു.
സമീപത്തെ മറ്റ് കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനുള്ള തീവ്രയത്നം തുടരുകയാണ്. അഗ്‌നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടണ്ട്. സമീപത്തെ എല്ലാ യൂണിറ്റുകളിൽ നിന്നും അഗ്നിരക്ഷാ വാഹനങ്ങൾ സ്ഥലത്തെത്തിക്കുകയാണ്. കെട്ടിടത്തിനിരുവശവും തീ പടർന്നതോടെ ബസ് സ്റ്റാൻഡിനകത്തും പുകയുയർന്നു. കെട്ടിടത്തിലെ ആളുകളെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിലുള്ളവരെയും ഒഴിപ്പിച്ചു.
കെട്ടിടത്തിന് താഴത്തെ കടകളിലുള്ളവരെയും മാറ്റി. ബസുകൾ മുഴുവനും സ്റ്റാൻഡിന് പുറത്തേക്ക് മാറ്റി നിർത്തിയിട്ടു. ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Post Your Comments