
കടലില്‍ വീണ കൂടുതല്‍ കണ്ടെയിനറുകള്‍ കരക്ക് അടിയാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയില്‍ തീരദേശം. കടലില്‍ വീണ 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്ളതിനാല്‍ വെള്ളവുമായി ചേര്‍ന്നാല്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കൊല്ലത്തും ആലപ്പുഴയിലും കണ്ടൈനറുകള്‍ കരക്കടിഞ്ഞിട്ടുണ്ട്. തറയില്‍ക്കടവ് ഭാഗത്ത് അടിഞ്ഞത് കണ്ടെയ്‌നറുകള്‍ തകര്‍ന്ന് നിലയിലാണ്. വെള്ളത്തിന്റെ നിറം കറുപ്പ് നിറത്തിലാണ് കാണുന്നത്.
വിദഗ്ധ പരിശോധനക്കായി എന്‍ഡിആര്‍എഫ് വിദഗ്ധ സംഘം കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടംകുളത്ത് നിന്നുള്ള വിദഗ്ധ സംഘവും കൊല്ലത്തേക്ക് പുറപ്പെട്ടു. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ഉള്ളവരാണ് സംഘത്തിലുള്ളത്. അതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശക്തികുളങ്ങരയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് കണ്ടുകെട്ടുമെന്ന് കസ്റ്റംസ് സൂപ്രണ്ട് വിശാഖ് വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. എങ്ങനെ കണ്ടെയിനറുകള്‍ നീക്കം ചെയ്യണമെന്നതില്‍ യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് വിശാഖ് പറഞ്ഞു.
കൊല്ലം തീരത്തേക്ക് ഇനിയും കണ്ടെയ്‌നറുകള്‍ വരുന്നുണ്ട്. സുരക്ഷയ്ക്ക് വേണ്ടി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ആവശ്യപ്പെട്ടു. വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് പ്രോട്ടോകോള്‍ പ്രകാരം കണ്ടെയ്‌നറുകള്‍ മാറ്റും. പൊതുജനങ്ങള്‍ കണ്ടെയ്‌നറിന്റെ അടുത്തേക്ക് വരരുതെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു. വര്‍ക്കലതീരംവരെ കണ്ടെയ്‌നറുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കേരള സര്‍വ്വകലാശാല അക്വഡിക് വിഭാഗം മേധാവി ഡോ. റാഫി പറയുന്നത്. രാസവസ്തുകള്‍ കടലില്‍ കലര്‍ന്നാല്‍ മീനുകളുടെ പ്രചരണകാലത്തെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച് കടല്‍ജലം ശേഖരിച്ച് പഠനം തുടങ്ങിയതായും ഡോ. റാഫി വ്യക്തമാക്കി.
Post Your Comments