
കോഴിക്കോട്: കഞ്ചാവ് പിടികൂടുന്നതിനിടയില്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിക്കണ്ടി അമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പേരാമ്പ്ര പാലേരി കടുക്കാംകുഴി വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. ഈ വീട്ടില്‍ നിന്നുമാണ് കഞ്ചാവ് ലഭിച്ചത്. എന്നാല്‍ പൊലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട പരാതിയുടെ അന്വേഷണത്തിലായിരുന്നു കുറ്റ്യാടി പൊലീസ്. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ലൊക്കേഷന്‍ കന്നാട്ടിയിലെ വാടക വീട്ടില്‍ ആണെന്ന് കണ്ടെത്തി. വീട് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന അമീറിന്റെയും കൂട്ടാളി ഷഹീറിന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വീട് മുഴുവന്‍ പരിശോധിച്ചപ്പോള്‍ വിവിധയിടങ്ങളില്‍ നിന്നായി കഞ്ചാവ് ശേഖരം ലഭിക്കുകയായിരുന്നു. നാദാപുരം സ്വദേശി ഷഹീറിനെ പിടികൂടിയെങ്കിലും അമീര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ അമീര്‍ തിരുവനന്തപുരത്ത് അറസ്റ്റിലായതായും നാര്‍ക്കോട്ടിക് കോടതി റിമാന്റ് ചെയ്തതായും വിവരം ലഭിച്ചത്. പിന്നീട് പേരാമ്പ്ര പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
Post Your Comments