Latest NewsKeralaNews

മലപ്പുറത്ത് 4753 പേര്‍ നിരീക്ഷണത്തില്‍ 11 പേര്‍ ഐസലേഷനില്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 4,753 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അതില്‍11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 4,735 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 257 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 235 പേരുടെ ഫലം ലഭിച്ചു. നേരത്തെ സ്ഥിരീകരിച്ച രണ്ടു പേരൊഴികെ 233 പേര്‍ക്കും വൈറസ് ബാധയില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുകയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ന് നടന്ന അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 22 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 250 പേരെയും ഇവരുമായി ഇടപഴകിയ 1,926 പേരെയും കണ്ടെത്തിയിട്ടുണ്ട്. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 149 പേരെ കണ്ടെത്തി. ഇവരുമായി പിന്നീട് ഇടപഴകിയ 914 പേരുമായും ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

രോഗബാധിതരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 258 പേരുമായി ഇന്ന് ജില്ലാതല കണ്‍ട്രോള്‍ സെല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കു പുറമെ പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിംഗ് കോളജിലെ 30 അംഗ വിദ്യാര്‍ഥി സംഘവും ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസിനെ സഹായിക്കുന്നു. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം വാര്‍ഡുതല ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 1,998 സ്‌ക്വാഡുകളും 23,088 വളണ്ടിയര്‍മാരും ഫീല്‍ഡ്തല സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനമൈത്രി പൊലീസും ബീറ്റു തലങ്ങളില്‍ വിവര ശേഖരണം നടത്തി ജില്ലാതല കണ്‍ട്രോള്‍ സെല്ലിനു കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button