Latest NewsIndia

ഹിന്ദുയിസവും ആര്‍.എസ്.എസും ഒന്നല്ല, പറഞ്ഞത് ചരിത്രം മാത്രം; ആക്രമണത്തിനെതിരെ പ്രതികരിച്ച് കമല്‍ ഹാസന്‍

ചെന്നൈ: ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഹിന്ദുയിസവും ആര്‍.എസ്.എസും രണ്ടാണ്. എല്ലാ മതങ്ങളിലും തീവ്ര സ്വഭാവമുള്ളവരുണ്ട്. താന്‍ പറഞ്ഞത് ചരിത്രമാണ്. ആക്രമണം കണ്ട് ഭയക്കില്ല. അറസ്റ്റിനെയും ഭയമില്ല. ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുന്നില്ല, ചരിത്രം മറുപടി നല്‍കുമെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു.

മെയ് 12 നു തമിഴ്‌നാട്ടിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കമലഹാസന്‍ ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്’ എന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധങ്ങളും ചെരുപ്പേറും ഉണ്ടായി. തമിഴ്‌നാട്ടിലെ അരവകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തി. കമലിന്റെ നാക്ക് പിഴുതെടുക്കണമെന്ന് ഉള്‍പ്പെടെ ആഹ്വാനമുണ്ടായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റാലിക്ക് നേരെ ചീമുട്ടയേറും കല്ലേറുമുണ്ടായി. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ദേശപ്രകാരം ഇന്നത്തെ പ്രചാരണം റദ്ദാക്കി.

നാഥുറാം വിനായക് ഗോഡ്സെ ദേശസ്‌നേഹി ആയിരുന്നെന്നും ഇപ്പോളും ആണെന്നും ഇനിയും അങ്ങനെ ആയിരിക്കുമെന്നും പ്രഗ്യ സിങ് താക്കൂര്‍. ഗോഡ്സെ തീവ്രവാദി ആണെന്ന കമലഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രഗ്യ ഇങ്ങനെ പറഞ്ഞത്. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്കുള്ള ഉത്തരം ഈ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലഭിക്കുമെന്നും ഇത്തരം ആരോപണങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button