Latest NewsKeralaIndiaNews

രാജ്യാന്തര വിപണിയില്‍ കോടികള്‍ വില വരുന്ന കടല്‍ വെള്ളരി വേട്ട : റെയ്ഡ് നടന്നത് മത്സ്യത്തൊഴിലാളികളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്

കൊച്ചി : രാജ്യാന്തര വിപണിയില്‍ കോടികള്‍ വില വരുന്ന കടല്‍ വെള്ളരി വേട്ട. ലക്ഷദ്വീപിലായിരുന്നു കടല്‍ വെള്ളരി വേട്ട നടന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീ കുക്കുംബര്‍ പ്രൊട്ടക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 12ന് 852 കിലോ (1716 എണ്ണം) കടല്‍വെള്ളരി പിടികൂടിയത്. ഏകദേശം നാലു കോടി 26 ലക്ഷം രൂപയിലധികം വില വരും ഇതിനെന്നാണ് കണക്കാക്കുന്നത്. ജനവാസമില്ലാത്ത സുഹലി ദ്വീപില്‍ നിന്നാണ് ശ്രീലങ്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിനായി തയാറാക്കി സൂക്ഷിച്ചിരുന്ന കടല്‍വെള്ളരി കണ്ടെടുത്തത്.

ലക്ഷദ്വീപിന്റെ തലസ്ഥാന ദ്വീപായ കവരത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സുഹലി. കുടലും മറ്റ് ആന്തരിക അവശിഷ്ടങ്ങളും നീക്കി പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിച്ച് ശേഷം വലിയ കണ്ടെയ്‌നറുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ. രാജ്യാന്തര വിപണിയില്‍ പച്ച കടല്‍വെള്ളരി കിലോയ്ക്ക് 50,000 രൂപയാണ് വില. വെള്ളരിയുടെ ആകൃതിയിലുള്ള ഒരിനം കടല്‍ ജീവിയാണ് കടല്‍വെള്ളരി എന്നറിയപ്പെടുന്നത്. ചൈന ഉള്‍പ്പടെയുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷണമായും സൂപ്പുണ്ടാക്കുന്നതിനും മരുന്നിനുമാണ് ഇവ ഉപയോഗിക്കുന്നത്.

വലിയ അളവില്‍ കടല്‍വെള്ളരി കയറ്റി അയയ്ക്കുന്നതിന് തയാറാക്കി വച്ചിട്ടുണ്ടെന്ന് മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയപ്പോഴേയ്ക്ക് കള്ളക്കടത്തു സംഘം ബോട്ട് ഉപേക്ഷിച്ച് സ്ഥലം വിട്ടിരുന്നു. പരിശോധനയില്‍ ചൂണ്ട, വലകള്‍, കത്തി, പ്രിസര്‍വ് ചെയ്യുന്നതിനുള്ള മരുന്നുകള്‍, മണ്ണെണ്ണ, ജിപിഎസ് സംവിധാനങ്ങള്‍, പായ്ക്കു ചെയ്യുന്നതിനുള്ള വസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button