KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിനിയുടെ ഖബറടക്കം നടത്തി

തൃശൂര്‍ • കോവിഡ് ബാധിച്ച് മരിച്ച ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയുടെ ഖബറടക്കം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് രാവിലെയാണ് ഖബറടക്കം നടത്തിയത്. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടി (73) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ബന്ധുക്കളാരെയും പ്രവേശിക്കാൻ അനുവദിച്ചില്ല. ഖദീജക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകനും ആംബുലൻസിന്റെ ഡ്രൈവറുമടക്കം അഞ്ചു പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ചാവക്കാട് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്‌കരിച്ചത്. സംസ്‌ക്കാരച്ചടങ്ങുകളിൽ പങ്കെടുത്തവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉമ്മർകുഞ്ഞി, മെമ്പർമാരായ പി. എം മുജീബ്, വി. എം മനാഫ്, വിഖായ സംസ്ഥാന കമ്മിറ്റി അംഗം ശുഐബ് കടപ്പുറം, ഹെൽത്ത് ഇൻസ്പെക്ടർ ഇ. രാജേന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ. ബി സനൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുംബൈയിൽ മക്കൾക്കൊപ്പമായിരുന്ന ഇവർ നോർക്കയിലൂടെ പാസ് നേടി ബുധനാഴ്ചയാണ് തിരിച്ചെത്തിയത്. പാലക്കാട് വഴി കാറിൽ മറ്റു മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് പെരിന്തൽമണ്ണ വരെ എത്തിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ചാവക്കാട്ട് നിന്ന് മകൻ ആംബുലൻസുമായി പെരിന്തൽമണ്ണയിലെത്തി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സ്ഥിതി ഗുരുതരമായപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. കദീജക്കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് ഉടൻ തയ്യാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button