KeralaLatest NewsNews

അഞ്ജനയുടെ മരണ കാരണം ദുരൂഹം : തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം : രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിന്

കാഞ്ഞങ്ങാട്: നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അഞ്ജനയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈയിടെ അഞ്ജന ചിന്നു സുള്‍ഫിക്കര്‍ എന്ന് പേരുമാറ്റിയിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ ഉണ്ടെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചതാണ്. കേരളത്തില്‍ വയനാട് കൂടാതെ ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളിലും ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Read Also : മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം : കൂട്ടുകാർ മറച്ചു വെച്ചതായി വീട്ടുകാരുടെ ആരോപണം

കേസന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. നഗര മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഒരു സംഘമാണ് വിദ്യാര്‍ത്ഥിനിയെ വഴിതെറ്റിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജന നല്ല മാര്‍ക്കോടെയാണ് പത്താംക്ലാസും പ്ലസ്ടുവും പാസായത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നതിന് ശേഷമാണ് അഞ്ജനയില്‍ പ്രകടമായ മാറ്റം സംഭവിച്ചത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘടനകളുമായി അടുപ്പമുണ്ടാകുന്നതും ഇക്കാലത്താണ്. അതിനിടെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അല്പനാള്‍ വീട്ടില്‍ തന്നെയായിരുന്നു. ഈ കാലയളവില്‍ തന്നെ വീട്ടുകാര്‍ തടവിലിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന സന്ദേശം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. ഇതോടെ ഒരു സംഘം തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ച സംഭവവും ഉണ്ടായതാണ്.

ഇതിനിടെ കോളജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വീട്ടുകാരുടെ അനുമതിയോടെ പോയ അഞ്ജനയെ കാണാതാവുകയായിരുന്നു. അമ്മ മിനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയതിനെത്തുടര്‍ന്ന് അഞ്ജന മറ്റൊരു പെണ്‍കുട്ടിക്കൊപ്പം കോടതിയില്‍ ഹാജരാകുകയും സുഹൃത്തുക്കള്‍ക്കൊപ്പം ജീവിക്കാനായി വീടുവിട്ടതാണെന്നും ബോധിപ്പിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിനിയായ ഒരു മുന്‍ നക്‌സല്‍ നേതാവിന്റെ മകളുടെ കൂടെ ആയിരുന്നു അജ്ഞന കോടതിയിയില്‍ എത്തിയിരുന്നത്.

ഇതിനുശേഷം ഈ യുവതിക്കൊപ്പം കോഴിക്കോട്ടാണ് അഞ്ജന താമസിച്ചിരുന്നത്. ഇതിനിടെ അഞ്ജന തന്റെ ഫേസ്ബുക്കിലെ പേര് ചിന്നു സുല്‍ഫിക്കര്‍ എന്നു മാറ്റുകയും വീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന വീഡിയോകളും മറ്റും അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. സംഘത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് മാര്‍ച്ച് 17 ന് അഞ്ജന ഗോവയിലേക്ക് പോയത്. അഞ്ജനയ്ക്ക് ഒരു ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നതായി കൂട്ടുകാരുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ സൂചനയുണ്ട്. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഗോവയിലേക്കുള്ള യാത്രക്കിടെ വഴിയിലെവിടെയോ വച്ച് ഇയാളും മറ്റു ചില ആണ്‍സുഹൃത്തുക്കളും സംഘത്തിനൊപ്പം ചേര്‍ന്നിരുന്നതായി സംശയിക്കുന്നു.

ഗോവയിലെത്തി ദിവസങ്ങള്‍ക്കു ശേഷം അഞ്ജന വീട്ടിലേക്കു വിളിച്ച് കൂട്ടുകാര്‍ തന്നെ ചതിച്ചതായും തനിക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്കു വരണമെന്നും പറഞ്ഞതായാണ് അമ്മ മിനി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button