Latest News

ഒരിക്കല്‍ യുവാക്കളുടെ വികാരമായിരുന്ന വിദ്യാര്‍ഥി ജനതയില്‍ 40 വര്‍ഷം മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവര്‍ അടുത്തിടെ കൊച്ചിയില്‍ ഒന്നിച്ചപ്പോള്‍ : അനുഭവങ്ങള്‍ പങ്കു വച്ചുകൊണ്ട് കെ.വി.എസ് ഹരിദാസ്‌

ഇന്ന് ഒരു അപൂർവ്വ സംഗമത്തിൽ പങ്കാളിയാവാൻ കഴിഞ്ഞു. ഒരു ചരിത്ര മുഹൂർത്തം എന്ന് അതിനെ വിശേഷിപ്പിക്കാമോ എന്നറിയില്ല. എന്നാൽ അതിൽ ഒരു ചരിത്രമുണ്ട്, ഒരു മുഹൂർത്തവുമുണ്ട്. 1977 -ലെ വിദ്യാർഥി ജനത നേതാക്കളുടെ ഒരു സമാഗമം. ജനതാ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായിരുന്നു വിദ്യാർഥി ജനത. അത് രൂപമെടുത്തിട്ട് ഇതിപ്പോൾ നാലു പതിറ്റാണ്ട് തികയുന്നു. ജനത പാർട്ടി രൂപീകരണത്തിന്റെ നാല്പതാം വാർഷികവുമാണിത്. അന്ന് ആ വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നവർ ആണ് കൊച്ചിയിൽ ഒത്തുകൂടിയത്. അവരിന്ന് പലയിടങ്ങളിലാണ്, അക്ഷരാർഥത്തിൽ. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ. ജനത ദളിന്റെ വിവിധ രൂപങ്ങളിൽ കുറെയേറെപ്പേർ. കുറേപ്പേർ ബിജെപിയിലോ സമാന പ്രസ്ഥാനങ്ങളിലോ ഉണ്ട്. മൂസ്ലിം ലീഗിലും മാർക്സിസ്റ്റ് പാർട്ടിയിലും വരെയുണ്ട് എന്ന് പറഞ്ഞാൽ പൂർത്തിയായല്ലോ. ചിലർ ഓരോ സോഷ്യലിസ്റ്റ് മൂവ്മെന്റുകളുടെ ഭാഗമായി തുടരുന്നു. അങ്ങിനെ വിവിധ തുറകളിൽ പെട്ടവർ പഴയ സ്മരണകളുമായി കുറെ നേരം ഒരേ കുടക്കീഴിൽ ………….ഒട്ടെല്ലാവരും ഷഷ്ടി പൂർത്തി കഴിഞ്ഞവർ. കുറേയേറെപ്പേർ മുത്തശ്ശന്മാരായി. ഓടി തളർന്നവരെയും പഴയ ആവേശവും മറ്റും ഇന്നും കയ്യിലുള്ള കുറെപെരെയും കണ്ടു. സന്തോഷം. അന്ന് പതിനേഴും പതിനെട്ടും ഇരുപതുമൊക്കെ വയസിൽ ഒന്നിച്ചുകൂടിയവരും ഒന്നിച്ചെത്തിയവരുമൊക്കെയാണിത്………..എന്നെ സംബന്ധി വ്യക്തിപരമായി പറഞ്ഞാൽ, വിദ്യാർഥി രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ചതും പഠിപ്പിച്ചതും വിദ്യാർഥി ജനതയാണ്.
പിറവം ദേവദാസ് , കെ പ്രേംനാഥ്‌, ബാബു ജോസഫ്, ഞാൻ.

ജനത പാർട്ടിയുടെ പ്രധാന പ്രശ്നമായിരുന്നത് തമ്മിലടിയായിരുന്നുവല്ലോ. എന്തെല്ലാം തർക്കങ്ങളാണ് അതിൽ ഉടലെടുത്തിരുന്നത് . എന്തെല്ലാം ആക്ഷേപങ്ങളാണ് അതിൽ ഉന്നയിച്ചിരുന്നത്. അവാസനം അത് ചിന്നിച്ചിതറി. ദ്വയാംഗത്വ പ്രശ്നം വല്ലാതെ തലപൊക്കിയപ്പോൾ പഴയ ജനസംഘക്കാർ പാർട്ടിവിട്ട് ബിജെപിക്ക് രൂപം നൽകി. ആർഎസ്എസിൽ അംഗത്വമുള്ളവർ ജനതാപാർട്ടിയിൽ അംഗമായിക്കൂടാ എന്നതായിരുന്നു വിവാദ ദ്വയാംഗത്വ വാദം. ആർഎസ്എസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും അതൊരു സാംസ്‌കാരിക – ദേശീയ പ്രസ്ഥാനമാണ് എന്ന് വിശദീകരിച്ചുവെങ്കിലും അതൊന്നും സമ്മതിക്കാൻ ഒരു കൂട്ടർ തയ്യാറായില്ല. ജനത പാർട്ടിയിലെ സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകാറായപ്പോഴാണ് ഇത്തരം വാദങ്ങൾ തലപൊക്കിയത്. തിരഞ്ഞെടുപ്പു യഥാവിധി നടന്നാൽ ജനസംഘം ഗ്രൂപ്പുകാർക്ക്‌ പാർട്ടിയിൽ വലിയ സ്വാധീന ഉറപ്പാവും എന്നതുതന്നെയാണ് കാരണം. എന്നാൽ വിദ്യാർഥി ജനതയുടെ കേരളം ഘടകമാണ് ദ്വയാംഗത്വ പ്രശ്നം ആദ്യമായി ഉന്നയിച്ചത് എന്നത് മറന്നുകൂടാ. കൊച്ചിയിൽ നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ ആർഎസ്എസ് ബന്ധമുള്ളവർ പാർട്ടി വിടണം എന്നാവശ്യമുന്നയിച്ചു. അത് അംഗീകരിച്ചുകൊണ്ടുള്ള ഒരു പ്രമേയം പാസാക്കാൻ ശ്രമവും നടന്നു. അതോടെ സമ്മേളനം അലങ്കോലമായി. അവിടെയുണ്ടായിരുന്നവർ തമ്മിൽ കയ്യാങ്കളിയും അടിയും മറ്റുമായി. ചിലരെല്ലാം ജീവനും കൊണ്ട് ഓടുകയായിരുന്നു പിന്നീട്. അതോടെ സമ്മേളനം അവസാനിച്ചു…………. അന്ന് ആ പ്രമേയത്തെ എതിർത്തവരും അനുകൂലിച്ചവരും ഇറങ്ങി ഓടിയവരും ഒക്കെ ഇന്ന് ഒന്നിച്ചുണ്ടായിരുന്നു.

ചടങ്ങിന്റെ വേദി. ജോൺ ജോൺ, സി ഹരി, സെബാസ്റ്റ്യൻ, മാ ഞ്ചേരി നാരായണൻ, ജയകുമാർ എന്നിവർ.

ജോൺ ജോൺ ( പാലക്കാട്) ആയിരുന്നു വിദ്യാർത്ഥിജനതയുടെ പ്രഥമ സംസ്ഥാന പ്രസിഡണ്ട്. പിഎ സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ്. ജനറൽ സെക്രട്ടറിമാരായി സി ഹരി( കോഴിക്കോട്) , മാഞ്ചേരി നാരായണൻ( മലപ്പു റം), എസ്‌ ജയകുമാർ( തിരുവനന്തപുരം), ടിഡി ജോർജ്(മണ്ണാർക്കാട്) …… അങ്ങിനെ ഒരു നേതൃ നിര. അവരാണിന്ന് നടന്ന കൂട്ടായ്മക്ക് ആതിഥ്യമരുളിയത്. അതിൽ ടിഡി ജോർജ് ഇന്ന് നമ്മോടൊപ്പമില്ല. അതുപോലെ സൈനുദ്ദീൻ മൂപ്പൻ, കെവി ഫ്രാൻസിസ് എന്ന കുട്ടപ്പൻ, …..അങ്ങിനെ കുറേപ്പേർ മരണമടഞ്ഞു. ഇന്ന് അവിടെ വായിച്ച അനുശോചന പ്രമേയത്തിലെ ലിസ്റ്റുപ്രകാരം ഏതാണ്ട് നാല്പതോളം പേര്‍ എന്നെന്നേക്കുമായി വിടവാങ്ങിക്കഴിഞ്ഞു.

ഏറ്റുമാനൂർ രാധാകൃഷ്ണൻ, മാത്യു ടി തോമസ് , ഞാൻ, ജോസഫ് എം പുതുശേരി എന്നിവർ.

കേരള ജലസേചന മന്ത്രി മാത്യു ടി തോമസ്, മുൻ എംഎൽഎമാരായ കെ പ്രേംനാഥ്‌ ( വടകര), ജോസഫ് എം പുതുശ്ശേരി ( തിരുവല്ല), അന്ന് യുവജനതയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഏറ്റുമാനൂർ രാധാകൃഷ്‍ണൻ തുടങ്ങിയവരും എത്തി. കെ പ്രേംനാഥ്‌ അന്ന് യുവജനത സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ജോസഫ് എം പുതുശേരിയും, മാത്യു ടി തോമസും വിദ്യാർഥി ജനത സംസ്ഥാന പ്രസിഡന്റായിട്ടുണ്ട് . മാത്യു ടി തോമസ് പ്രസിഡന്റായത് ഞങ്ങളൊക്കെ ബിജെപിയുടെ ഭാഗമായതിനു ശേഷമാണ്‌ അല്ലെങ്കിൽ ബിജെപി എന്ന കക്ഷി രൂപീകൃതമായതിനു ശേഷമാണ്‌ എന്നുമാത്രം. രണ്ടാമത്തെ പ്രസിഡന്റാണ് പുതുശേരി. പിന്നീട് ഡോ. വര്ഗീസ്‌ ജോർജ്. അദ്ദേഹമിപ്പോൾ ജനതാദൾ യുവിന്റെ ദേശീയ ഭാരവാഹിയാണ്. ഈ പരിപാടിക്ക് വരുമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു കണ്ടപ്പോൾ ഡോ. വര്ഗീസ്‌ ജോർജ് പറഞ്ഞിരുന്നു. പക്ഷെ ഇന്ന് കണ്ടില്ല.

 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകളിൽ അന്ന് പ്രവർത്തിച്ചിരുന്ന ഞാനടക്കമുള്ളവർ ഇന്ന് ഇവിടെ എത്തിയിരുന്നു. പലരും തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിയതും പട്ടിണി കിടന്നതും റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാണ്ടുകളും രാത്രികളിൽ അഭയകേന്ദ്രമായതുമൊക്കെ. രാത്രികളിൽ ബസിൽ യാത്ര, പകൽ എവിടെയെങ്കിലുമെത്തിയാൽ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ ഒക്കെ പ്രാഥമിക കൃത്യം നിർവഹിച്ചു മറ്റു പ്രവർത്തനത്തിനായി ഇറങ്ങുക…… ജനത പാർട്ടിക്ക് അന്ന് പലയിടത്തും ഓഫിസ് ഒക്കെ ഉണ്ടെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ളത് കുറവായിരുന്നു. ഹോട്ടലുകളിലോ ലോഡ്‌ജ് കളിലോ റൂം എടുക്കാൻ സാമ്പത്തിക പ്രയാസം അനുവദിക്കുന്നില്ല …….. അതുപോലെ കുറെ അനുഭവങ്ങൾ ………ബുദ്ധിമുട്ടുകൾ ഏറെ ഉള്ളപ്പോഴും അന്ന് അതൊരു വികാരമായിരുന്നു എല്ലാവര്ക്കും. വിദ്യാർഥി ജനത രൂപീകൃതമായി മാസങ്ങൾക്കകം കേരളത്തിലെ രണ്ട്‌ സർവ്വകലാശാലകളിൽ ( അന്ന് രണ്ടു സർവകലാശാലകളെ ഉണ്ടായിരുന്നുള്ളൂ. കേരളയും കോഴിക്കോടും) വിദ്യാർഥി യൂണിയനുകൾ പിടിച്ചടക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലല്ലോ. അതുവരെ രണ്ടും കെഎസ് യു വിന്റെ കുത്തകയായിരുന്നു. എസ്എഫ്ഐയും വിദ്യാർത്ഥി ജനതയും ചേർന്നുള്ള സഖ്യമാണ് അന്ന് വിജയിച്ചത്. കോടിയേരി ബാലകൃഷ്ണനാണ് അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി; എംഎ ബേബി സംസ്ഥാന പ്രസിഡന്റും. കെ സുരേഷ് കുറുപ്പ് ആയിരുന്നു കേരള സർവകലാശാല യൂണിയൻ ചെയർമാൻ. ഇന്നിപ്പോൾ സുപ്രീം കോടതി ജഡ്‌ജിയായിട്ടുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് അന്ന് വിദ്യാർഥി ജനതയുടെ നോമിനിയായി ജനറൽ സെക്രട്ടറിയും.തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥിയായിരുന്നു അന്ന് അദ്ദേഹം. വിദ്യാർഥി ജനത പ്രതിനിധിയായ വടകരയിലെ ശ്രീനിവാസൻ ആയിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയര്മാന് . അതൊക്കെ പലരും ഇന്ന് അയവിറക്കുന്നുണ്ടായിരുന്നു. ശ്രീനിവാസൻ ഇന്ന് ഈ കൂട്ടായ്മയിൽ എത്തുകയും ചെയ്തു. അക്കാലത്തെ കുറെ വിദ്യാർഥി ജനത സുഹൃത്തുക്കൾ ഇന്ന് വലിയ നിലയിലുണ്ട്. ഹൈക്കോടതി ജഡ്‌ജിമാർ വരെ. ആ പേരുകൾ വിവരിക്കുന്നില്ല.
 
ഈ കൂടിച്ചേരൽ ഒരുക്കിയത് അക്ഷരാർഥത്തിൽ രണ്ടുപേരാണ്. ഒന്ന്, അന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി ഹരി; പിന്നെ അന്ന് വിദ്യാർഥി ജനത എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന പിറവം ദേവദാസ് എന്ന വിജി ദേവദാസ് നമ്പൂതിരിപ്പാട്; നാഗാർജുന ആയുർവേദവൈദ്യശാലയുടെ ചെയര്മാൻ . സി ഹരി ഈ ഒരു നിർദ്ദേശം മുന്നോട്ടുവെച്ച കാര്യം ദേവദാസ് പറഞ്ഞപ്പോൾ ഞാനും പറഞ്ഞു, നന്നായി, നല്ല കാര്യം എന്ന്. കുറെ പഴയ സുഹൃത്തുക്കളെ ബന്ധപ്പെടാൻ ഞാനും സഹായിച്ചു. ഏതാണ്ട് മൂന്ന്‌ മാസത്തെ ഒരു യത്നം. പിന്നീട് പലരും അതെറ്റെടുത്തു. ജോൺ ജോൺ, കെജെ സോഹൻ അടക്കമുള്ളവർ മുന്നിലേക്ക് വന്നു. അത് ഫലപ്രദമായി, വിജയമായി എന്നതിൽ സംശയമില്ല.
 
ഇന്ന് ഓർമ്മ പുതുക്കിയ ചിലരുടെ പേരുകൾ സ്മരിക്കാതെ വയ്യ. എന്നാൽ കുറേപ്പേരെ വിട്ടുപോയിട്ടുണ്ടാവാം. ഓർമ്മയിൽ തങ്ങാത്ത പേരുകളുമുണ്ട്. പിറവം ദേവദാസ് , ബാബു ജോസഫ് ( തേവര എസ്എച് കോളേജിലെ മാധ്യമ പഠന വിഭാഗം തലവൻ. അവിടെത്തന്നെ വിദ്യാർഥി മോർച്ച നേതാവായിരുന്നു ബാബു. പിന്നീട് മാതൃഭൂമിയിലും കേരള കൗമുദിയിലും ജീവൻ ടിവിയിലുമൊക്കെ പ്രവർത്തിച്ചു.), തൃക്കാക്കര ഭാരതമാതാ കോളേജ് യൂണിയൻ ചെയര്മാന് ആയിരുന്ന അഡ്വ. ജോൺസണ് പി ജോൺ, ജോർജ് തോമസ് , കൊച്ചി മുൻ മേയർ കെജെ സോഹൻ, കൊച്ചിയിലെ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, സെബാസ്റ്റ്യൻ പാറക്കൽ, ജോസി ( ഫോർട്ട് കൊച്ചി), അഡ്വ.വിനോദ് സിങ് ചെറിയാൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ പിജെ തോമസ് (തോമസ് അക്കാലത്ത് പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥി മോർച്ച പ്രവർത്തകനായിരുന്നു), കൊല്ലത്തെ പ്രദീപ് ഗോപാലകൃഷ്ണൻ ( വിദ്യാർഥി മോർച്ചയുടെ ആദ്യകാലത്ത് കൊല്ലത്ത് സജീവമായിരുന്ന ആളാണ് പ്രദീപ്) …… . …………. കുറച്ചുപേരെ കൂടി പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇത്രയും പേരുടെ ഒത്തുചേരൽ ഒരു അനുഭവം തന്നെയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button