KeralaLatest NewsNews

ഇറച്ചിക്കോഴി വില കുറഞ്ഞു : സര്‍ക്കാരുമായി ഇന്ന് ചര്‍ച്ച

 

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി വന്നതിനു ശേഷവും കോഴി ഇറച്ചിയ്ക്ക് ഇരട്ടിവില ഈടാക്കുന്ന വ്യപാരികള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ മൊത്തവിതരണക്കാര്‍ കിലോയ്ക്ക് 10 രൂപ കുറച്ചു. ഇറച്ചിക്കോഴി 87 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് മൊത്തവിതരണക്കാര്‍ കിലോയ്ക്ക് 10 രൂപ കുറച്ചത്. 115 രൂപയ്ക്ക് നല്‍കിയിരുന്ന കോഴി, ശനിയാഴ്ച 105 രൂപയ്ക്കാണ് സംസ്ഥാനത്തെ പൗള്‍ട്രി ഫാം ഉടമകള്‍ക്കു തമിഴ്‌നാട് വ്യാപാരികള്‍ നല്‍കിയത്.

മൊത്തവിലയില്‍ പത്തുരൂപയുടെ കുറവുണ്ടായതു പൊതുവിപണിയിലും പ്രതിഫലിച്ചു. 140 രൂപയ്ക്കു വിറ്റിരുന്ന കോഴിയുടെ വില പലയിടത്തും 130 ആയി. ജി.എസ്.ടി. വരുംമുമ്പ് 14.5 ശതമാനമായിരുന്നു കോഴിയുടെ നികുതി. ഇപ്പോള്‍ നികുതിയില്ല. അതിനാല്‍ മൊത്തവിലയായ 103 രൂപയില്‍നിന്ന് തിങ്കളാഴ്ച മുതല്‍ 16 രൂപ കുറച്ച് 87 രൂപയ്ക്ക് വില്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ഞായറാഴ്ച മന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തും. രാവിലെ ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഇപ്പോള്‍ ലഭിക്കുന്ന മൊത്തവില്‍പ്പനവില കണക്കാക്കിയാല്‍ 87 രൂപയ്ക്ക് കോഴിയെ വില്‍ക്കാനാവില്ലെന്ന് അവര്‍ അറിയിക്കും. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. നസീര്‍ പറഞ്ഞു.

തിങ്കളാഴ്ച ഇറച്ചിക്കോഴിക്കടകള്‍ അടച്ചിടുമെന്നു കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണിത്. സംഘടനയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button