Latest NewsNewsGulf

സൗദിയിലെ വോള്‍ക്കാനോയില്‍ കണ്ടെത്തിയ കൂറ്റന്‍ ഗേറ്റുകള്‍ തുറന്നിടുന്നത് അറബ് ചരിത്രത്തിലേയ്ക്കുള്ള വാതിലുകള്‍

 

ജിദ്ദ : സൗദി അറേബ്യയിലെ വിദൂരപ്രദേശത്തുള്ള അഗ്‌നിപര്‍വത്തിന്റെ അരികുകളില്‍ കണ്ടെത്തിയ നാനൂറോളം ശിലാനിര്‍മ്മിതികള്‍ പുരാവസ്തു ഗവേഷകരെ കുഴക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ചരിത്രത്തിലേക്കുള്ള വാതിലുകളാണ് ഇവയെന്ന് ഒരുവിഭാഗം ആര്‍ക്കിയോളജിസ്റ്റുകള്‍ കരുതുന്നത്. കൂറ്റന്‍ ഗേറ്റുകളുടെ ആകൃതിയിലുള്ളവയാണ് ഈ നിര്‍മ്മിതികള്‍.

ഗൂഗിള്‍ എര്‍ത്തുപയോഗിച്ചാണ് ഈ നിര്‍മ്മിതികള്‍ കണ്ടെത്തിയത്. ഒരു ഫുട്‌ബോള്‍ മൈതാനത്തെക്കാള്‍ നാലിരട്ടി വലിപ്പമുള്ള ഗേറ്റുകള്‍പോലും ഇക്കൂട്ടത്തിലുണ്ട്. ഏഴായിരം വര്‍ഷമെങ്കിലും പഴക്കമുള്ളവയാണ് ഇവയെന്നാണ് ഗവേഷകരുടെ അഭിപ്രായം. മുകളില്‍നിന്ന് നോക്കുമ്പോള്‍ ഗേറ്റുകളുടെ ആകൃതിയിലുള്ളവയായതുകൊണ്ടാണ് ഇവയെ ഗേറ്റുകളെന്ന് വിളിക്കുന്നത്. ഇവയെന്തിനാണ് നിര്‍മ്മിച്ചതെന്ന് ഇന്നും അജ്ഞാതമായ കാര്യമാണ്.

സൗദി അറേബ്യയിലെ ഖൈബര്‍ റീജിയണിലെ അഗ്‌നിപര്‍വതത്തിന്റെ മുകള്‍ഭാഗത്തായാണ് ഈ ഗേറ്റുകള്‍ കണ്ടെത്തിയത്. കൃത്യമായി ഇവയുടെ പഴക്കവും ഉദ്ദേശ്യവും തിട്ടപ്പെടുത്തുക പ്രയാസമാണെന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡേവിഡ് കെന്നഡി പറഞ്ഞു. ആവാസയോഗ്യമല്ലാത്ത ലാവയൊഴുകുന്ന മേഖലകളിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളതെന്ന് അറേബ്യന്‍ ആര്‍ക്കിയോളജി ആന്‍ഡ് എപ്പിഗ്രാഫി ജേണലില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

ഈ മേഖലയില്‍ ഏറ്റവും പഴക്കം ചെന്ന നിര്‍മ്മാണങ്ങളാണിവയെന്ന് ഡേവിഡ് കെന്നഡി പറയുന്നു. 13 മീറ്റര്‍ നീളമുള്ളവ തൊട്ട് 518 മീറ്റര്‍ നീളമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ട്. അഗ്‌നിപര്‍വതം ആദ്യമായി പൊട്ടിത്തെറിച്ചതിന് മുന്നെ നിര്‍മ്മിച്ചതാകാം ഇവയെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇവയുടെ ഉദ്ദേശമെന്തെന്ന് നിര്‍ണയിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button