Latest NewsNewsEditorial

അതാണ് അനുപമ ഐ.എ.എസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ: പകലോ രാത്രിയോ എന്നില്ലാതെ കൈക്കുഞ്ഞുമായി ജനങ്ങളുടെ ഇടയിലേക്ക് എപ്പോഴും ചിരിച്ച മുഖവുമായി ഒരു കളക്ടര്‍

ഇന്ന് കേരളീയ സമൂഹത്തിൽ ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് അനുപമ ഐ എ എസ്. സ്വാതന്ത്രമായ ചിന്തകളോടെ അഴിമതിക്കെതിരെ പോരാടിയ ഈ കളക്ടർ കമ്യൂണിസ്റ്റിന്റെ നാറിയ ഭരണത്തിൽ അഴിമതിക്കറ പുരണ്ട തോമസ് ചാണ്ടിയെ കുടുക്കിയതിലൂടെയാണ് ഇപ്പോൾ താരമായിരിക്കുന്നത്. ലേക്ക് പാലസ് അഴിമതിയിൽ കേരളത്തിൽ പിണറായി സർക്കാർ നാണം കെട്ടു തുടങ്ങി. ഒടുവിൽ രാജി വാങ്ങി മുഖം രക്ഷിക്കാൻ ശ്രമം നടത്തിയപ്പോൾ പാർട്ടിയിൽ പടല പിണക്കങ്ങൾ ആരംഭിച്ചു. പക്ഷെ ഒരു മന്ത്രിയ്ക്കും അറബി പണക്കാരനും തന്നെ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്നു കാണിച്ചു കൊണ്ട് നട്ടെല്ലുള്ള ഒരു പെണ്ണായി നിൽക്കുകയും തന്റെ കർത്തവ്യം കൃത്യമായി ചെയ്യുകയും ചെയ്ത ജനകീയ കളക്ടറായി അനുപമ ഐ എ എസ് മാറിക്കഴിഞ്ഞു.

സ്വതന്ത്ര ചിന്താഗതിയുള്ള, നീതി പൂർവ്വമുള്ള ഭരണം നടത്തണമെന്നു ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരെ എക്കാലത്തും അധികാരി കൾ ചവിട്ടി തേയ്ക്കാൻ ശ്രമിക്കാറുണ്ട്. അതിനു തെളിവാനു രാജു നാരായണ സ്വാമി, ഋഷിരാജ് സിങ്, സുരേഷ് കുമാർ, നിശാന്തിനി ഐ പി എസ്, പ്രശാന്ത് ഐ എ എസ്, ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് തുടങ്ങിയവർ . അവരെ പോലെ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന വ്യക്തിത്വമാണ് അനുപമ ഐ എ എസ്. ചാണ്ടിയുടെ വെല്ലിവിളികൾ സ്വീകരിച്ചു കൊണ്ട് നീതിപൂർവ്വമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു കൊണ്ട് തന്റെ അധികാര പദവിയുടെ ശക്തിയും സ്വാതന്ത്ര്യവും കാണിച്ചു കൊടുത്തു. ഇതാവണം ഒരു ഉദ്യോഗസ്ഥയെന്നു ഓരോ ജനങ്ങളും പറഞ്ഞു തുടങ്ങി. സുരേഷ് ഗോപി ആക്ഷൻ ചിത്രങ്ങളിതുപോലെ , അല്ലെങ്കിൽ മറ്റൊരു വാണി വിശ്വനാഥായി അനുപമ ഐ എ എസ് മാറുകയാണ് .

ഏത് സമയവും ജനങ്ങള്‍ക്കുവേണ്ടി ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന കളക്ടര്‍. അതാണ് ടി.വി.അനുപമ ആലപ്പുഴക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘അടുത്ത കാലം വരെ ആലപ്പുഴക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന ഒരു കളക്ടര്‍. പകലോ രാത്രിയോ എന്നില്ല, കൈക്കുഞ്ഞുമായിപ്പോലും ജനങ്ങളുടെ ഇടയിലേക്ക് ഓടിയെത്തുന്ന ജില്ലാ കളക്ടറെ ആദ്യം കാണുകയാണ്. പലരും ഇവിടെ കളക്ടര്‍മാരായി ഇരിന്നിട്ടുണ്ട്. പക്ഷെ ഇത്രത്തോളം ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ഒരാള്‍ ഉണ്ടായിട്ടില്ല. ഇത്രയും കാലമുണ്ടായിരുന്നവര്‍ എന്തെങ്കിലും ചെയ്താല്‍ തന്നെ അത് ചാനലുകാരേയും പത്രക്കാരേയും അറിയിച്ച് അവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും. അതൊക്കെ അനുപമ, അവര്‍ വരുന്നതും പോവുന്നതും പോലും ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലുമറിയില്ല.’

ഇത്തരത്തിലുള്ള ജനപക്ഷ ‘നോട്ടം’ എന്ന് ഉറപ്പിക്കാവുന്ന ടി.വി.അനുപമയുടെ ഒരു റിപ്പോര്‍ട്ടാണ് ഇന്ന് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ഏറെ ചര്‍ച്ച ചെയ്യുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയുള്ള, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വരെ പ്രേരകമായ റിപ്പോര്‍ട്ട്. സത്യസന്ധവും ധീരവുമായ പ്രവര്‍ത്തനത്തിന്റെ സാക്ഷ്യപത്രമായി ആ റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ചെയ്തതെന്ന് ഈ പ്രവര്‍ത്തിയെ ആര്‍ക്കും ലളിതമായിക്കാണാം. പക്ഷെ പരമ്പരാഗതമായി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ഒത്താശ ചെയ്തും, പണംപറ്റിയും എല്ലാ സ്വാധീനത്തിനും വഴങ്ങിയും വളര്‍ത്തിയ തോമസ് ചാണ്ടി എന്ന ധനികനെതിരെ, തികഞ്ഞ സ്വാതന്ത്ര്യത്തോടെയും ധീരതയോടെയും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നത് ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ‘തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന്’ സഭയില്‍ പറഞ്ഞതിന് മുകളില്‍ നിന്നാണ് ജില്ലാ കളക്ടര്‍ സംസ്ഥാനത്തെ മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നിടത്താണ് അതിന്റെ പ്രാധാന്യം. മന്ത്രിയുടെ അടിത്തറ ഇളക്കിയതും കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തന്നെ. ആ റിപ്പോര്‍ട്ട് തന്നെയാണ് ഇടതുമുന്നണിയെയും സിപിഎമ്മിനേയും എന്‍സിപിയെയും പ്രതിരോധത്തിലാക്കിയതും.

കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും കളക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. പരമ്പരാഗത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം ചാണ്ടിയുടെ വളര്‍ച്ചക്ക് മണ്ണും വളവുമേകിയപ്പോള്‍ ഉദ്യോഗസ്ഥരെല്ലാം ഇക്കാലമത്രയും ചെയ്ത എല്ലാത്തിനേയും അനുപമ ഉടച്ചുകളഞ്ഞു. വിഷയത്തിന്റെ എല്ലാ വശങ്ങളിലേക്കും കടന്നുള്ള, ഇത്രയും ആധികാരികമായ ഒരു റിപ്പോര്‍ട്ട് അവര്‍ സ്വന്തം നിലക്ക്, വ്യക്തിപരമായ താത്പര്യത്തില്‍ ചെയ്തതാണ്. തന്നോടൊപ്പം ജോലി ചെയ്യുന്നവരും പിന്‍ഗാമികളുമുള്‍പ്പെടെ, കുറ്റകൃത്യത്തില്‍ പങ്കാളികളായ ആരെയും ഒഴിവാക്കാതെയാണ് അനുപമ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ അത് വ്യക്തമാക്കുന്നതാണ്. തനിക്ക് മുമ്പ് ആലപ്പുഴ കളക്ടറായിരുന്ന എന്‍. പത്മകുമാറിന്റെ ഉത്തരവുകളിലെ പിഴവുകള്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയക്കായി ഇരുപത്തിയാറര സെന്റ് വയല്‍ ഭൂമിയാണ് മണ്ണിട്ട് നികത്തിയത്. എന്നാല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഇത് നിയമലംഘനമാണെന്ന് നാട്ടുകാരനായ ഒരാള്‍ മുന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യത്തെ ഇരുപത് സെന്റ് ഭൂമി നികത്തിയെങ്കിലും അത് തണ്ണീര്‍ത്തടത്തിന് ദോഷമുണ്ടാക്കാത്തതിനാലും, പരാതിക്കാരായി അധികം പേരില്ലാത്തതിനാലും നികത്ത് അനുവദിച്ച് നല്‍കാനായിരുന്നു ഉത്തരവിട്ടിരുന്നത്. ബാക്കിയുള്ള അഞ്ച് സെന്റും ഒന്നര സെന്റും ഭൂമി പുറമ്പോക്ക് ഭൂമിയായിരുന്നു. ഇതില്‍ അഞ്ച് സെന്റ് റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള സാധനസാമഗ്രികള്‍ ഇറക്കാനാണെന്നും രണ്ട് ഭൂമിയും നികത്തുന്നത് കൃഷിക്ക് ദോഷമുണ്ടാക്കുന്ന കാര്യമല്ലെന്നും കൃഷിവകുപ്പോ ഇറിഗേഷന്‍ വകുപ്പോ ഇക്കാര്യത്തില്‍ പരാതികള്‍ ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ പൂര്‍വസ്ഥിതിയിലാക്കേണ്ടതില്ലെന്നുമാണ് മുന്‍ കളക്ടര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കളക്ടര്‍ ഇങ്ങനെ പറഞ്ഞെങ്കിലും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നതിനാല്‍ അത് പൂര്‍വസ്ഥിതിയിലാക്കേണ്ടതാണ് എന്നാണ് അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വസ്തുതകളെ ബോധ്യപ്പെടുത്തുന്നതിനായി ഉപഗ്രഹ ചിത്രങ്ങളും ആധാരമാക്കിയ റിപ്പോര്‍ട്ടിനെ ലാഘവത്തോടെ തള്ളിക്കളയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ, ഇടതുമുന്നണിക്കോ കഴിയാതെ വന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി തോമസ് ചാണ്ടിയെ തന്നെ ചോദ്യം ചെയ്തു.

അധികാര വര്‍ഗത്തിനോ സാമ്പത്തിക ശക്തികള്‍ക്കോ വഴങ്ങാത്ത അനുപമയുടെ പ്രവര്‍ത്തനം ഇത് ആദ്യമായല്ല കേരളം കാണുന്നത്. മുമ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറായിരുന്ന വേളയില്‍ നിറപറയുള്‍പ്പെടെ ഗുണനിലവാരമില്ലാത്ത നിരവധി ബ്രാന്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അവരുടെ ഓഫീസുകള്‍ പോലും പൂട്ടിക്കുകയും ചെയ്ത അനുപമയെ കേരളക്കാര്‍ക്ക് പരിചയമുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം വമ്പന്‍ ബ്രാന്‍ഡുകള്‍ക്കെതിരെയുള്ള നപടികള്‍ അനുപമയില്‍ നിന്ന് മുന്നോട്ട് പോയില്ല. പക്ഷെ വരും കാലത്ത് വല്ല സോപ്പ് കമ്പനിയുടെയും മേധാവിയാക്കി ഒന്നും ചെയ്യാനില്ലാതെ മനസ്സ് മുരടിപ്പിച്ചു ആ ഐ എ എസ് പദവി വെറുതെ കളയിക്കാൻ ഭരണ കൂട പാർട്ടികൾ ശ്രമിച്ചാൽ ഇത്രകാലമുണ്ടായ നഷ്ടങ്ങളുടെ പട്ടികയിൽ ഒന്നുകൂടി എന്ന് മാത്രം. എന്നാൽ നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും മറ്റും പേടിപ്പിക്കുന്ന ദുർ ഭരണാധികാരികളെ നിലയ്ക്കുനിർത്താൻ ഇത് പോലുള്ള ഒരായിരം ഉദ്യോഗസ്ഥർ ഉണ്ടാവേണ്ടത് അത്യാവശ്യമായി മാറിക്കഴിഞ്ഞു. ഇനിയ്യെങ്കിലും ആ ഐ എ എസ് പദവി നെല്ലളന്നും തീറെഴുതി കൊടുത്തും വാങ്ങിയതല്ലെങ്കിൽ അനുപമയെ പോലെ ജോലി ചെയ്തു നാടിന്റെ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഈ നരാധമന്മാരെ തുരുത്താൻ വരും തലമുറയിലെ ഉദ്യോഗസ്ഥർക്ക് സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button