Latest NewsSaudi Arabia

ദുരിതപർവ്വം താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം വലഞ്ഞ മലയാളിയായ ഹൗസ്‌മൈഡ്, വനിതഅഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ സുകന്യദേവി ആറുമാസം മുൻപാണ് ദമ്മാമിലെ ഒരു വീട്ടിൽ വീട്ടുജോലിയ്ക്ക് എത്തിയത്. എന്നാൽ ജോലിസ്ഥലത്തെ സാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ പന്ത്രണ്ടു മണിക്കൂറിൽ അധികം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. അനാവശ്യമായ ശകാരവും, കുത്തുവാക്കുകളും കേൾക്കേണ്ടി വന്നതായും, മതിയായ ആഹാരമോ, വിശ്രമമോ കിട്ടാതെ ആരോഗ്യം ക്ഷയിച്ചതായും സുകന്യദേവി പറയുന്നു. കൂനിന്മേൽ കുരു പോലെ നാല് മാസത്തെ ശമ്പളം കിട്ടിയതുമില്ല.

സഹികെട്ട സുകന്യദേവി, ഒരു പരിചയക്കാരൻ ഉപദേശിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു. ശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല, എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങിയാൽ മതിയെന്ന നിലപാടിലായിരുന്നു സുകന്യദേവി.

മഞ്ജു മണിക്കുട്ടൻ നവയുഗം ജീവകാരുണ്യപ്രവർത്തകർക്കൊപ്പം സൗദി പോലീസിന്റെ സഹായം തേടി. പോലീസ് സുകന്യദേവിയെ ആ വീട്ടിൽ നിന്നും കൊണ്ടുപോയി, ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും സുകന്യ ദേവിയുടെ സ്‌പോൺസറെ പലപ്രാവശ്യം ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഏറെ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ, സുകന്യദേവിയ്ക്ക് ഫൈനൽ എക്സിറ്റും, കുടിശ്ശികയായ നാല് മാസത്തെ ശമ്പളവും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു.

നവയുഗം വനിതാവേദി സുകന്യദേവിയ്ക്ക് വിമാനടിക്കറ്റ് കൈമാറി. നിയമനടപടികൾ പൂർത്തിയാക്കി, വനിതാ അഭയകേന്ദ്രത്തിലെ ഒരു മാസത്തെ താമസം അവസാനിപ്പിച്ച്, സുകന്യദേവി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button