Latest NewsInternational

ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി

ലണ്ടന്‍ : ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി. യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളി. 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് അനുകൂലിച്ചത്.
മാര്‍ച്ച് 29 നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍, പരിഷ്‌കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇന്നു മന്ത്രിസഭാ യോഗം വിളിക്കില്ലെന്നും വ്യക്തമാക്കി.

വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവച്ചിരുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കും യൂറോപ്യന്‍ യൂണിയന്റെ കരാര്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ്. കരാര്‍പ്രകാരം ബ്രിട്ടന്‍ ഭീമമായ തുക ഇയു ബജറ്റിനു കൊടുക്കേണ്ടിവരും. അതിനാല്‍, കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണു തെരേസ മേയുടെ എതിരാളികളുടെ ആവശ്യം. സര്‍ക്കാര്‍ ഇനി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്തു പുതിയ കരാര്‍ തയാറാക്കുകയോ കരാര്‍ വേണ്ടെന്നു വച്ച് തുടര്‍നടപടികളിലേക്കു പോകുകയോ അല്ലെങ്കില്‍ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button