KeralaLatest News

ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചു. മതിയായ സുരക്ഷ ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ടെന്നും സുരക്ഷ ആവശ്യപ്പെട്ട 51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചത്. പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ന് ഹാജരായത്. പൗരന്‍മാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, അത് ഉറപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശവും നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ആദ്യ ഹര്‍ജിയാണിത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.

സംരക്ഷണം നല്‍കിയ യുവതികളുടെ പട്ടികയും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്. ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സരിയയാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായത്. എന്നാല്‍ ഈ ഹര്‍ജിയെ 22-ന് ശേഷം വാദം കേള്‍ക്കാനിരിക്കുന്ന പുനഃപരിശോധനാഹര്‍ജികളുമായി ചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button