Latest NewsHealth & Fitness

യുവത്വം കാക്കാന്‍ ബ്രഹ്മി

പരമ്പരാഗത വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ച് വന്നിരുന്ന വളരെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ബ്രഹ്മി. നിലത്ത് അല്‍പം ഉയര്‍ന്നു പടര്‍ന്നു വളരുന്ന നീലയോ അല്ലെങ്കില്‍ വെള്ളയോ ചെറിയ പുഷ്പങ്ങളോടു കൂടിയ ഈ സസ്യം പൊതുവേ കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഔഷധം എന്ന പേരിലാണ് അറിയപ്പെടുന്നത്. കുട്ടികളുടെ ഓര്‍മയ്ക്കും ബുദ്ധിയ്ക്കുമെന്നതാണ് പൊതുവേ പറയുക. എന്നാല്‍ ബ്രഹ്മി കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനകരമാണ്. പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഇത്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഒരുപോലെ ആരോഗ്യകരവുമാണ്.

ബ്രഹ്മിയിലെ പോഷകങ്ങളും ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണവുമെല്ലാമാണ് ഇതിനെ മികച്ച ഔഷധമാക്കി മാറ്റുന്നത്. ബ്രഹ്മി അരച്ചതോ ചതച്ചതോ പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കാം. ഇത് ശരീരത്തിന് ചെറുപ്പം നിലനിര്‍ത്താനുള്ള നല്ലൊരു വഴിയാണ്. ചര്‍മം അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും തടയുന്ന ഒന്നാണിത്. തിളപ്പിച്ച പാലില്‍ ബ്രഹ്മിയുടെ നീരു ചേര്‍ത്തും കഴിയ്ക്കാം. ഇതും ഏറെ ഗുണകരമാണ്. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

നെയ്യും ബ്രഹ്മിയും കലര്‍ന്ന മിശ്രിതവും ചെറുപ്പം നിറഞ്ഞ ചര്‍മത്തിനു സഹായിക്കുന്ന ഒന്നാണ്. ബ്രഹ്മിയുടെ ഇല നെയ്യില്‍ വറുക്കുക. ഇതു പാലില്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുക. ഇതും ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ബ്രഹ്മി. കൊളാജനാണ് ചര്‍മത്തെ അയഞ്ഞു തൂങ്ങാതെ ഇറുക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്ന്. ഇതിലെ പോളി ഫിനോളുകള്‍, കരോട്ടനോയ്ഡുകള്‍, ഫ്ളവനോയ്ഡുകള്‍ എന്നിവ ഫ്രീ റാഡിക്കലുകളെ അകറ്റി ഡിഎന്‍എ നാശം തടയുന്നു. ഇത് ചര്‍മത്തിനു പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാനമാണ്.

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും ബ്രഹ്മി ഏറെ നല്ലതാണ്. ഇതിന്റെ നീരു കുടിയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹാകരമാണണ്. പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. എക്സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ബ്രഹ്മി അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.
ശരീരത്തിലെ സെല്ലുലൈറ്റ്, സ്ട്രെച്ച് മാര്‍ക്സ് എന്നിവയല്ലാം അകറ്റുന്ന ഒന്നാണ് ബ്രഹ്മി. പല ക്രീമുകളിലും ബ്രഹ്മി ചേരുവയായി ചേര്‍ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. ഇതിനു പുറമേ മുഖത്തെ പാടുകളും കുത്തുകളും മുഖക്കുരുവുമെല്ലാം നീക്കാന്‍ ബ്രഹ്മി നല്ലതാണ്. ഇത് മുഖത്തു പുരട്ടാം, ഉള്ളിലേയ്ക്കും കഴിയ്ക്കാം. ചെറുപ്പവും ആരോഗ്യവും നല്‍കുന്ന ച്യവനപ്രാശത്തിലെ ഒരു ചേരുവയാണിത്.

ഒച്ചയടപ്പു മാറാനും അണുബാധ മാറാനും നല്ല സ്വരശുദ്ധിയ്ക്കുമെല്ലാം ബ്രഹ്മിനീരു സഹായിക്കുന്നു. ദിവസവും ബ്രഹ്മി നീരെടുത്ത് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ശബ്ദം നന്നാവാന്‍ നല്ലതാണ്. തൊണ്ടവേദന മാറുകയും ചെയ്യും.

ബ്രെയിന്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. ബുദ്ധിശക്തിയും ഓര്‍മ ശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാനുള്ള മരുന്നുകളില്‍ ബ്രഹ്മി ധാരാളമുണ്ട്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്. ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. തേനും ബ്രഹ്മി നീരും ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണകരമാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close