CinemaLatest News

മധുരം ചോദിച്ചപ്പോള്‍ ഇരട്ടി മധുരമായി മാറിയ ”പൂവ് ചോദിച്ചു…”

അഞ്ജു പാര്‍വതി

ഉറങ്ങിയെഴുന്നേൽക്കുമ്പോൾ മുഖത്തു വന്നു തൊടുന്ന ആദ്യ പുലര്‍കിരണം പോലൊരു അനുഭവം സമ്മാനിച്ചൊരു പാട്ട്!ചില ഗാനങ്ങളങ്ങനെയാണ്.പുലരിത്തുടിപ്പിൽ വിരിഞ്ഞു നില്ക്കുന്ന പനിനീർമൊട്ടു കാണുമ്പോഴുള്ള കുളിർമ പോലെ,വാതില്‍ വിടവിലൂടെ കുസൃതി കാണിച്ച് വന്നു തൊടുന്ന ചെറു കാറ്റിന്റെ അനുഭൂതി പോലെ നമ്മളിൽ നവ്യാനുഭവം സമ്മാനിക്കും. ഇതിൽ അക്ഷരങ്ങൾ വെറുതെ നിരത്തുകയല്ല. മറിച്ച് ഭാവനക്കനുസരിച്ച് അലങ്കരിച്ച്,അതിൽ സംഗീതത്തിന്റെ മാസ്മരികത പെയ്യിച്ച് ആസ്വാദകഹൃദയങ്ങളെ കോരിത്തരിപ്പിക്കുകയാണ്..പറഞ്ഞു വരുന്നത് ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ശ്രീ.ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലെ ഒരു ഗാനത്തെ കുറിച്ചാണ്.

പൊതുവെ പാട്ടുകൾ ലളിതമാകുമ്പോൾ കേൾക്കുന്ന ഏറ്റവും വലിയ പഴിയാണ് അതിൽ കാവ്യഭംഗി ഇല്ലായിരുന്നുവെന്നത്.എന്നാൽ വല്ലഭനു പുല്ലും ആയുധമെന്നതുപോലെ പണിയറിയാവുന്നവന്റെ മനസ്സിൽ വിരിയുന്ന ഭാവനയ്ക്ക് കാവ്യഭംഗി മാരിവില്ല് പോലെയെന്നു പലവട്ടം തെളിയിച്ചയാളാണ് ശ്രീ.ഈസ്റ്റ്കോസ്റ്റ് വിജയൻ.അതിന്റെ ഒടുവിലത്തെ തെളിവാണ് പൂവ് ചോദിച്ചു ഞാൻ വന്നുവെന്ന ഗാനം.കടുകട്ടിയായ വാക്കുകളായാലേ പ്രണയാർദ്രമാകൂയെന്ന വിചാരധാരധാരയെ പൊളിച്ചടുക്കുകയാണ് ഈ പാട്ടിലൂടെ അദ്ദേഹം.വെറുമൊരു പൂവ് ചോദിച്ചു വന്ന ഒരുവൾക്ക് പൂക്കാലമൊരുക്കി കൊടുത്ത കവിഭാവന പുഞ്ചിരി കാണാൻ കൊതിച്ചവൾക്ക് മുന്നിൽ അവനെ അവളുടെ പ്രാണേശനാക്കി തന്നെകൊണ്ടു വരുന്നു.പാട്ടിന്‍ കൂടാരത്തിലേക്ക് അടുത്ത കാലത്ത് വന്നെത്തിയ ഏറ്റവും മനോഹരമായ പ്രണയഗാനമാണ് ഇത്.

ഒരൊറ്റ വരിയിലൂടെ പ്രതീക്ഷകളുടെയും പ്രണയത്തിന്റെയും ഒരു ലോകംതന്നെ തെളിയുന്നത് ഇങ്ങനെയൊക്കെയാണ്.ഒരു പാട്ടിന്റെ തുടക്കം എത്രമാത്രം ഹൃദയം തൊടുന്നവോ, അതിലേക്ക് അത്രയേറെ ഹൃദയങ്ങള്‍ ചേര്‍ന്നു നില്‍ക്കുമെന്ന് ഈ ഗാനം അടിവരയിട്ടു പറയുന്നുണ്ട്. എം ജയചന്ദ്രൻ തീർത്ത പ്രണയപ്പാട്ടിലെ വരികൾക്ക് അറിയാതറിയാതെ സിരകളിൽ പടർന്നു കയറുന്ന അനുരാഗത്തിന്റെ നിറവാണ്. മഴപെയ്ത ഒരു വൈകുന്നേരം ജനലരികെ നിന്ന് ഈ പാട്ട് ഞാൻ കേട്ടപ്പോൾ ഒരു നിമിഷം കൊണ്ട് എനിക്ക് കാണാനായത് ഏഴു സ്വരങ്ങളുടെ ഒരു പൂക്കാലമായിരുന്നു!ആ പൂക്കാലം ഇതെഴുതുമ്പോഴും എന്നിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്!വരികൾക്കൊണ്ടും സംഗീതം കൊണ്ടും ശബ്ദം കൊണ്ടും ആത്മാവിന്റെ അടരുകളിൽ എത്രയെത്ര ആഴങ്ങളിലേയ്ക്കാണ് ഒരു നിമിഷം, ഒരു ഗാനം സഞ്ചരിക്കുന്നത് അല്ലേ?

പാട്ടിന്റെ ലോകത്ത് എത്ര തന്നെ നവഭംഗിയുള്ള ഗാനങ്ങള്‍ വന്നാലും അവതരണത്തില്‍ എത്ര തന്നെ നവീനത്വം കൈവന്നാലും മലയാളിത്തവും ബഹളമയമല്ലാത്തതും ലളിതവുമായ പാട്ടുകള്‍ക്കായാണ് മലയാളി അറിഞ്ഞോ അറിയാതെയോ കാത്തിരിക്കുന്നത്.ആ കാത്തിരിപ്പ് വെറുതെയാവില്ലായെന്ന് പലകുറി മലയാളികളോട് പറഞ്ഞുകഴിഞ്ഞതാണ് ഈസ്റ്റ് കോസ്റ്റ് എന്ന ബാനറും അവരിലൂടെ മലയാളികൾക്ക് കിട്ടിയ ആൽബങ്ങളും സിനിമകളും.ഇപ്പോഴിതാ ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങളെന്ന പുത്തൻ സിനിമയിലെ ഇമ്പമാർന്ന ഗാനങ്ങളിലൂടെ അവരത് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button