KeralaLatest News

മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ന്യൂജെന്‍ സമൂഹത്തിന് വേണ്ടി ഒരു സിനിമ- ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍- അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാര്‍വതി പ്രഭീഷ്

ചിരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയിട്ടുള്ള സിനിമകൾക്ക് പൊതുവെ ആയുസ്സു കുറവാണെന്ന് പറയാറുണ്ട്. തമാശയ്ക്കുള്ളിൽ പച്ചയായ ഒരു ജീവിതം ഉണ്ടാകുമ്പോൾ മാത്രമേ അത് പ്രേക്ഷകരിലേയ്ക്ക് ആഴത്തിൽ പതിയാറുള്ളൂ.സംഗീതം,പ്രണയം,ശുദ്ധഹാസ്യം,കുടുംബം ഈ നാലു ചേരുവകളെ സമാസമം ചേർത്തിണക്കി ആസ്വാദനത്തിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുവാനുള്ള രസക്കൂട്ടുമായെത്തിയ സിനിമയാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. സമൂഹത്തില്‍ ജീവിക്കുന്ന ചില മനുഷ്യരുടെ നന്മകളെയും ,ദുരാഗ്രഹങ്ങളെയും ജീവിക്കാനുള്ള നെട്ടോട്ടങ്ങളെയും അതിനിടയിൽ സംഭവിക്കുന്ന ആകസ്മികതകളേയും പ്രണയത്തിന്റെ ചട്ടക്കൂട്ടിലൊതുക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് വീണ്ടും ചില നാട്ടുവിശേഷങ്ങൾ.നൊസ്റ്റാൾജിയയും സംഗീതവും പ്രണയവുമാണ് എല്ലാകാലത്തും മാർക്കറ്റുളള വിഷയങ്ങൾ.ഈ വിഷയങ്ങൾക്കൊപ്പം കാലഘട്ടത്തിനു കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് അവതരിക്കപ്പെടുമ്പോൾ ഏതൊരു സിനിമയും രസകരമായ വിനോദോപാധിയായിമാറുന്നുവെന്ന് അടയാളപ്പെടുത്തുന്നുണ്ട് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.

പ്രേക്ഷകർക്ക് ഇന്ന് വേണ്ടത് കൃത്യമായ ഒരു എലമെന്റ് ഉള്ള സിനിമകളാണ്. ആ കഥാതന്തു വികസിക്കുന്നതായിരിക്കണം സിനിമ. അതിൽ ആവോളം നർമ്മവും സംഗീതവും കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന രംഗങ്ങളും വേണം.ഈയൊരു തിരിച്ചറിവ് കണ്ടറിഞ്ഞ് എടുത്തിട്ടുള്ളതാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.നോണ്‍ ലീനിയര്‍ നരേറ്റീവ്, ആ സങ്കേതം വഴങ്ങാത്തവര്‍ പോലും എടുത്ത് പ്രയോഗിക്കുന്ന കാലത്ത് ലീനിയര്‍ നരേറ്റീവിലെ ലളിതമായ കഥപറച്ചിലാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.പ്രേക്ഷകർക്ക് അവരുമായി റിലേറ്റ് ചെയ്യാൻ കഴിയുന്നവരെയാണ് ഇഷ്ടം. സാമൂഹിക പ്രശ്നങ്ങൾ, അനുഭവങ്ങൾ ഇവയൊക്കെ ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രേക്ഷകനു കഥാപാത്രങ്ങളോട് തോന്നുന്ന അടുപ്പം സ്വഭാവികമായും സിനിമയോടും തോന്നും.അതുക്കൊണ്ടുതന്നെയാണ് സ്വന്തം നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളായി ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചതും. കാലത്തെ അടയാളപ്പെടുത്തുന്ന തിരക്കഥകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴും പ്രേക്ഷകശ്രദ്ധ ആകർഷിക്കാറുണ്ട്. ആക്ഷേപഹാസ്യ സ്വഭാവത്തില്‍ സമൂഹത്തിൽ ഇന്ന് നടക്കുന്ന പലതരം അരാജകത്വങ്ങളുടെ നേർക്ക് ഒരു നോട്ടമയയ്ക്കാൻ ഈ ചലച്ചിത്രം സമയം കണ്ടെത്തുന്നുണ്ട്.

ചെറുപ്പത്തിന്റെ അലച്ചിലും അലട്ടലും വർത്തമാനകാലത്തിന്റെ അവസ്ഥകളും ചിരിയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ‘വിസ’കൂട്ടുക്കെട്ടിന്റെ രസിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ഈ സിനിമയിൽ ആർദ്രമായ കുടുംബബന്ധത്തിന്റെ തീവ്രത നെടുമുടിവേണുവിന്റെ കാരണവരിലൂടെയും സോനുവിന്റെ മീരയിലൂടെയും നമുക്ക് കാണാൻ കഴിയുന്നുണ്ട്.സ്വന്തമാക്കലിനേക്കാൾ നഷ്ടപ്പെടലിലാണ് യഥാർത്ഥ പ്രണയമെന്ന് ശിവകാമിയുടെ മീനാക്ഷിയും നമുക്ക് കാട്ടിത്തരുന്നുണ്ട്.അഭിനയിക്കുകയാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാതെ പുതുമുഖതാരം അഖിൽപ്രഭാകരൻ-ഹരീഷ് കണാരൻ കൂട്ടുകെട്ട് കാണിക്കുന്ന പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള വർത്തമാനകാലത്തിന്റെ അവസ്ഥകൾ ചിരിയിൽ പൊതിഞ്ഞ് എത്ര ഭംഗിയായാണ് സംവിധായകൻ ശ്രീ. ഈസ്റ്റ്കോസ്റ്റ് വിജയൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം മലയാളസിനിമയിൽ മൂന്നു പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ഈ ചിത്രത്തിൽ പുതുമുഖതാരങ്ങള്‍ ഓരോ കഥാപാത്രത്തിനും വേണ്ടി ചെയ്യുന്ന ഗൃഹപാഠത്തിന്റെ ആവശ്യകത ഈ ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ അഖിലും സോനുവും ശിവകാമിയും ചെയ്യുന്നുണ്ട്.ഒപ്പം പ്രതിഭ വരദാനമായി ലഭിച്ചൊരു അച്ഛന്റെ മകൻ ആദ്യമായി വെള്ളിവെളിച്ചത്തിലെത്തുന്നതിന്റെ നിയോഗം കൂടിയാകുന്നുണ്ട് ഈ സിനിമ.ശ്രീ.ഈസ്റ്റ്കോസ്റ്റ് വിജയന്റെ മകൻ വിനയ് ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചയുമില്ലാതെ , കൈയ്യടക്കത്തോടെ തന്റെ ഉപനായകവേഷം മികച്ചതാക്കിയിട്ടുമുണ്ട്.അഖിലും വിനയും സോനുവും ശിവകാമിയും മലയാളചലച്ചിത്രലോകത്ത് മുതൽക്കൂട്ടാവാൻ തക്ക പ്രതിഭയുള്ള യുവതാരങ്ങളാണെന്ന് ഈ ചിത്രം തെളിയിക്കുന്നു.

ഹ്യൂമര്‍ എക്കാലത്തും ജനങ്ങള്‍ ഇഷ്ടപ്പെടും. തമാശ യാഥാര്‍ഥ്യബോധത്തോടെ കാണിച്ചാല്‍ ജനങ്ങള്‍ സ്വീകരിക്കുമെന്ന് ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലൂടെ ഉറക്കെപ്പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തും അഭിനേതാക്കളും. ചിരിക്കുകയെന്നതും ചിരിപ്പിക്കുകയെന്നതും മനുഷ്യന്‍റെ മാത്രം പ്രത്യേകതയാണല്ലോ.ഈ ചിത്രത്തിലെ കോമഡി കൂടുതലും ഉണ്ടാകുന്നത് ഹരീഷ് കണാരൻ അവതരിപ്പിക്കുന്ന കഥാപാത്രമായ സമ്പത്തിന്റെ മണ്ടത്തരത്തില്‍ നിന്നാണ്. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികളിൽ നിന്നും പൊങ്ങച്ചത്തില്‍ നിന്നും കുതന്ത്രങ്ങളിൽ നിന്നും ആളുകളെ ചിരിപ്പിക്കാനാവുമെന്ന് നായരുടെ കഥാപാത്രത്തിലൂടെ സുരാജ് വീണ്ടും തെളിയിക്കുന്നു.

പാട്ടിന്റെ ലോകത്ത് എത്ര തന്നെ നവഭംഗിയുള്ള ഗാനങ്ങള്‍ വന്നാലും അവതരണത്തില്‍ എത്ര തന്നെ നവീനത്വം കൈവന്നാലും മലയാളിത്തവും ബഹളമയമല്ലാത്തതും ലളിതവുമായ പാട്ടുകള്‍ക്കായാണ് മലയാളി അറിഞ്ഞോ അറിയാതെയോ കാത്തിരിക്കുന്നത്.ആ കാത്തിരിപ്പ് വെറുതെയാവില്ലായെന്ന് പലകുറി മലയാളികളോട് പറഞ്ഞുകഴിഞ്ഞതാണ് ഈസ്റ്റ് കോസ്റ്റ് എന്ന ബാനറും അവരിലൂടെ മലയാളികൾക്ക് കിട്ടിയ ആൽബങ്ങളും സിനിമകളും.ഇപ്പോഴിതാ ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങളെന്ന പുത്തൻ സിനിമയിലെ ഇമ്പമാർന്ന ഗാനങ്ങളിലൂടെ അവരത് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു!വരികളും സംഗീതവും ഒന്നിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് ഈ സിനിമയിലെ ആറ് ഗാനങ്ങളുടെ പ്രത്യേകത.

ശുദ്ധ നര്‍മ്മവും ഇണക്കങ്ങളും പിണക്കങ്ങളും ജീവിത പ്രാരാബ്ധങ്ങളും നിറഞ്ഞ ഈ നാട്ടുവിശേഷങ്ങൾ പണം മുടക്കി തിയറ്ററില്‍ കയറുന്ന കുടുംബ പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരന്‍റിയാണ് ഉറപ്പ് കൊടുക്കുന്നത്.ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ജനപ്രിയ സീരിയലുകളുടെ അവിഭാജ്യ ഘടകമായ അവിഹിതമോ തിരുകി കയറ്റിയിട്ടില്ല എന്നതിന്‍റെ ഉറപ്പ്. പുതു തലമുറ സംവിധായകര്‍ കഥാ തന്തു തേടി ഫ്രഞ്ചും കൊറിയനും തുടങ്ങി പേരറിയാത്ത ഭാഷകളിലെ സിനിമകള്‍ വരെ ഇന്‍റര്‍നെറ്റിലൂടെ അരിച്ചു പെറുക്കുമ്പോള്‍ തന്റെ സിനിമയ്ക്കുള്ള ആശയങ്ങള്‍ നമ്മുടെ സ്വന്തം ചുറ്റുപാടുകളിൽ നിന്നു തന്നെ കണ്ടെത്തി പുതിയ കാലത്തിന്റെ രീതിയിൽ അവതരിപ്പിക്കുകയാണ് സംവിധായകനായ ശ്രീ.ഈസ്റ്റ്കോസ്റ്റ് വിജയൻ.പൊതുസമൂഹവുമായി കണ്ണിചേർന്നുപോകാൻ കഴിയുന്ന കഥയിൽ കാഴ്ചക്കാരുടെ ആസ്വാദനതലം തിരിച്ചറിഞ്ഞ് സംവിധാനം ചെയ്യാൻ ആത്മാർത്ഥമായ പരിശ്രമം അദ്ദേഹം നടത്തിയിട്ടുണ്ട്.ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ കാണിച്ചുകൂട്ടുന്ന തമാശകൾക്ക് പ്രസക്തിയില്ലെന്ന വൻ അടയാളപ്പെടുത്തലു കൂടിയാണ് ഈ ചിത്രം.ചുരുക്കത്തിൽ കാശു മുടക്കി തിയേറ്ററിലെത്തുന്ന പ്രേക്ഷകർക്ക് നൂറു ശതമാനം ആസ്വദിക്കാനുതകുന്നസംഗീതം,പ്രണയം,ഹാസ്യം,കുടുംബബന്ധങ്ങൾ എന്നീ നാലു ചേരുവകൾ ചേർത്തുണ്ടാക്കിയ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button