KeralaLatest News

തീരസംരക്ഷണ നിയമം ലംഘിച്ച് ഭരണാധികാരികള്‍; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍

കൊച്ചി: തീരസംരക്ഷണ നിയമം ലംഘിച്ച് നഗരസഭ നിര്‍മിക്കുന്ന പാര്‍ക്കിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. കടവന്ത്രയില്‍ ചെലവന്നൂര്‍ കായലിന് സമീപമാണ് കായല്‍കയ്യേറ്റം ഉണ്ടായിരിക്കുന്നത്. ജില്ലാ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് പാര്‍ക്കിലെ നിര്‍മാണം പൊളിച്ച് നീക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രകാരം ഒന്നര കോടി രൂപ ചെലവിലാണ് കായലിനോട് ചേര്ന്ന് പാര്‍ക്ക് നിര്‍മിക്കുന്നത്. നിര്‍മാണം നീക്കം ചെയ്യാമെന്ന് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കില്‍ ഈ ആഴ്ച തന്നെ പാര്‍ക്ക് പൊളിച്ച് നീക്കാനുള്ള തീരുമാനത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

പാര്‍ക്കിലെ നിര്‍മാണം നടന്ന ഭാഗങ്ങള്‍ പൊളിച്ച് നീക്കി കായല്‍തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കലക്ടര്‍ക്ക് നേരിട്ട് നിവേദനവും നല്‍കിയിരുന്നു. എന്നിട്ടും നടപടിയാകാത്തതിനെ തുടര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പാര്‍്ക്കിന്റെ ചുറ്റുമതില്‍ പൊളിക്കാന്‍ ശ്രമം നടത്തിയത്. പൊലീസെത്തി ഇത് തടഞ്ഞതോടെ ഏറെ നേരം വാക്ക് തര്‍ക്കവുമുണ്ടായി.

തീരസംരക്ഷണനിയമം ലംഘിച്ചതിന് സുപ്രീംകോടതി പിഴ ഈടാക്കിയ ഡിഎല്‍എഫ് ഫ്‌ളാറ്റിനോട് ചേര്‍ന്നാണ് നഗരസഭ പാര്‍ക്ക് നിര്‍മിക്കുന്നത്. നിയമലംഘനം ബോധ്യപ്പെട്ടതിന്റെ പേരില്‍ ജില്ലാ കലക്ടര്‍ നഗരസഭയ്ക്ക് സ്റ്റോപ് മെമ്മോയും നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button