Latest NewsArticleInternational

ജൂണ്‍ 20 ലോക അഭയാര്‍ത്ഥിദിനം;  ഓരോ മിനിട്ടിലും അഭയം തേടി അലയുന്നുണ്ട് 25 പേരെങ്കിലും-  മനുഷ്യകുലത്തിന് മുഴുവന്‍ നാണക്കേടായി അഭയമില്ലാത്ത അഭയാര്‍ത്ഥികള്‍

ലോകമെങ്ങും മതിലുകളാണ്. സ്വന്തം വീടിന്റെ നാലതിരുകള്‍ മുതല്‍ ഗ്രാമങ്ങളായി, നഗരങ്ങളായി അത് വളര്‍ന്ന് ലോകത്തെ ചെറുതും വലുതുമായി വെട്ടിത്തിരിച്ചു. അതിര്‍ത്തി വിട്ടു പോകുന്നവന് സ്വത്വം നഷ്ടമാകും. അവനെ പിന്നെ ആരും തിരിച്ചറിയില്ല. അങ്ങനെ അവന്‍ അഭയാര്‍ത്ഥിയാകും.വെടിവയ്പും കൂട്ടക്കൊലയും കണ്ട് നിലവിളിച്ചോടിയെത്തുന്നവനോട് തോക്കുകള്‍ സംസാരിക്കും. ശരണാര്‍ത്ഥിക്കും അഭയാര്‍ത്ഥിക്കും ഒരേ അര്‍ത്ഥമാണ്. പക്ഷേ കേള്‍ക്കുമ്പോള്‍ മനസ്സില്‍ രണ്ട് രൂപങ്ങളെത്തും. ശരണാര്‍ത്ഥിക്ക് എവിടെയോ ഒരു അധ്യാത്മിക പരിവേഷം. അഭയാര്‍ത്ഥി അങ്ങനെയല്ല. മുന്നില്‍ ഒന്നുമില്ലാത്തവനാണ്. എല്ലാം നഷ്ടപ്പെട്ട് അഭയം തേടുന്ന വെറും മനുഷ്യനാണവന്‍.

മതം, ദേശം, ഭാഷ, ആശയം, സംസ്‌കാരം ഇവയൊക്കെ അപകടകാരികളാകുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലും . ജീവിതത്തില്‍ നിന്ന് അവനെ നിര്‍ദ്ദയം പുറത്താക്കും. അങ്ങനെ വീടും നാടും ബന്ധുക്കളും നഷ്ടപ്പെട്ട ഒരു വിഭാഗം അഭയാര്‍ത്ഥികളായി അലഞ്ഞു തിരിയാന്‍ തുടങ്ങും. തല ചായ്ക്കാന്‍ ഒരിടം തേടി, അഭയം തേടി അവര്‍ അതിര്‍ത്തികളില്‍ കാത്തിരിക്കും. യുദ്ധവും അധികാരകൈമാറ്റങ്ങളും ബാക്കിയാക്കുന്ന വിഭാഗമാണ് അഭയാര്‍ത്ഥികള്‍. ഒരു രാജ്യത്തിന്റെയും വോട്ടര്‍ പട്ടികയില്‍ ഇടമില്ലാത്തവര്‍. കാഴ്ചയില്ലാത്തവന് അന്ധതയോട് പൊരുത്തപ്പെടാനെളുപ്പമാണ്. വെളിച്ചത്തിന്റെ വില അവനറിയില്ല. എന്നാല്‍ വെളിച്ചത്തില്‍ നിന്ന് കൊടും അന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ പൊരുത്തപ്പെടണമെന്നില്ല. ഉള്ളില്‍ തീ സൂക്ഷിച്ച് നിസ്സഹായരായി അവര്‍ ഓരോദിവസവും കഴിച്ചു കൂട്ടും. ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ നോവിപ്പിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. എല്ലാവര്‍ക്കുമുള്ളപോലെ ഒരു കുടുംബം, സുഹൃത്തുക്കള്‍, ഗ്രാമീണര്‍ അങ്ങനെ ഒരുപാടൊരുപാട്…

കാലാകാലങ്ങളായി ചില രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ അഫ്ഗാനിസ്ഥാനാണ് മുന്നില്‍. ഗ്രനേഡും തോക്കിന്‍കുഴലുകളും കൊലവിളി നടത്തുന്ന സിറിയ, ഏകാധിപതികളെ തുരത്തിയിട്ടും ജനാധിപത്യപ്രക്ഷോഭം തുടരുന്ന ഈജിപ്ത് തുടങ്ങി, ഇറാഖ്, സൊമാലിയ, സുഡാന്‍ എന്നിങ്ങനെ പട്ടിക നീളും. തമിഴ് പുലികളെ ഇല്ലാതാക്കാന്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ് ലങ്കന്‍അഭയാര്‍ത്ഥികള്‍. സ്വന്തം രാജ്യമെന്ന സ്വപ്നം സഫലമാകുന്ന നിമിഷത്തിനായി ദശാബ്ദങ്ങളായി കാക്കുകയാണ് പലസ്തീന്‍ അഭയാര്‍ത്ഥികള്‍. കലാപം തുടരുന്ന മ്യാന്‍മറില്‍ നിന്ന് അഭയം തേടി ബംഗ്ലാദേശിലേക്ക് കുടുംബമായെത്തുകയാണ് മുസ്ലീം ജനത. പട്ടാളക്കാരുടെ കനിവിനായി കരഞ്ഞ് യാചിക്കുന്നവരുടെ ചിത്രങ്ങളടക്കം പത്രങ്ങളില്‍ വാര്‍ത്ത വന്നു. പക്ഷേ അധികാരികള്‍ കനിഞ്ഞില്ല, വെടിവയ്പ്പിന്റെയും കൂട്ടക്കൊലയുടെയും നാട്ടിലേക്ക് തിരിച്ച് നടക്കേണ്ടി വരുന്നു ഇവര്‍ക്ക്.

അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നത് ഓര്‍മ്മിപ്പിച്ചാണ് ഓരോ അന്താരാഷ്ട്ര അഭയാര്‍ത്ഥി ദിനങ്ങളും കടന്നു പോകുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഓരോ മിനിട്ടും കുറഞ്ഞത് 25 അഭയാര്‍ത്ഥികളെങ്കിലും സുരക്ഷ തേടി അലയുന്നുണ്ട്. ബ്രിട്ടീഷ് റെഡ്ക്രോസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏകദേശം 120,000 അഭയാര്‍ഥികള്‍ യുകെയിലുണ്ടെന്നാണ്. ഏകദേശം 15,891 പേര്‍ക്ക് യുകെ സംരക്ഷണം വാഗ്ദാനം ചെയ്യണമെന്ന് 2018 ല്‍ യുഎന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവയില്‍ അഞ്ചില്‍ രണ്ട് പേരും കുട്ടികളാണ്. അഭയാര്‍ത്ഥികളെന്ന പ്രശ്നം മൂന്ന് രീതിയില്‍ രാജ്യങ്ങള്‍ക്ക് കൈകാര്യം ചെയ്യാം. രാജ്യത്ത് പുനരധിവാസത്തിന് സൗകര്യമൊരുക്കാം. അല്ലെങ്കില്‍ ഇവര്‍ക്കായി അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാം. അതുമല്ലെങ്കില്‍ സ്വന്തം മണ്ണിലേക്ക് തിരികെ പോകാനുള്ള അവസരമൊരുക്കാം. അഭയം തേടിയെത്തുന്നവര്‍ക്ക് ആശ്വാസമാകുന്നത് മൂന്നാമത്തെ സാധ്യതയാണ്. വെടിവയ്പും കൊലവിളികളും അവസാനിച്ച സ്വന്തം രാജ്യത്തേക്ക് മടങ്ങുക. എന്നാല്‍ എന്ത് കൊണ്ടോ പലപ്പോഴും അതിനുള്ള അവസരമൊരുങ്ങാറില്ല.

1979 ലെ സോവിയറ്റ് ഇടപെടല്‍ മുതല്‍ തീവ്രവാദത്തിന്റെ പേരില്‍ അമേരിക്ക നടത്തിയ സൈനിക വിന്യാസം വരെ അഫ്ഗാനിസ്ഥാന് സമ്മാനിച്ചത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യമെന്ന പദവി. അറുപത് ലക്ഷം ജനങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ ജീവനും കൊണ്ടോടിയത്. പാക്കിസ്ഥാനില്‍ ജനിച്ച് ദശാബ്ദങ്ങളായി അവിടെ ജീവിക്കുന്ന അഫ്ഗാന്‍ ജനതയെ പാക്കിസ്ഥാന്‍ ഇന്നും അംഗീകരിച്ചിട്ടില്ല. അഭയാര്‍ത്ഥികളില്‍ 80 ശതമാനവും വികസിതരാഷ്ട്രങ്ങളിലാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പറയുന്നത്. നാല്‍പ്പത് ലക്ഷത്തിലധികം ജനങ്ങളാണ് ലോകമെമ്പാടും അഭയാര്‍ത്ഥികളായി കഴിയുന്നത്.

2003 ലെ ഇറാഖിയുദ്ധത്തില്‍ വേരുകള്‍ നഷ്ടമായത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 16 ശതമാനത്തിനാണ്. അതായത് 4, 700,000 പേര്‍ക്ക് സ്വന്തം വീടും നാടും നഷ്ടപ്പെട്ടെന്നര്‍ത്ഥം. അഭയാര്‍ത്ഥികളില്‍ ഒരു വിഭാഗം ഇറാഖില്‍ നിന്ന് പലായനം ചെയത് സിറിയ ,ജോര്‍ദ്ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അഭയം തേടിയപ്പോള്‍ മറ്റൊരു വിഭാഗം സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി തുടരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അഭയാര്‍ത്ഥികളായത് ഇരുപത് ലക്ഷത്തിലേറെ യൂറോപ്യന്‍ ജനതയാണ്. എന്നാല്‍ നിലവില്‍ ബാഹ്യശക്തികളുടെ ആക്രമണമില്ലാതെ ആഭ്യന്തരസംഘര്‍ഷത്തിന്റെ പേരിലാണ് ജനങ്ങള്‍ സ്വന്തം രാജ്യത്ത് നിന് തിരസ്‌കൃതരാകുന്നതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഏകാധിപതികള്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന ജനാധിപത്യപ്രക്ഷോഭകാരികള്‍ പോലും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയാണ്.

പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുട്ടികളില്‍ 35 ശതമാനം പേരും വിഷാദരോഗത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. . ബോസ്നിയന്‍ അഭയാര്‍ത്ഥിസ്ത്രീകളില്‍ 29ശതമാനം സ്ത്രീകളും കടുത്ത വിഷാദരോഗികളാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ ബോസ്നിയയിലെയോ പലസ്തീനിലിയോ അഭയാര്‍ത്ഥിക്യാമ്പുകളിലെ മാത്രം അവസ്ഥയല്ല ഇത്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ജീവിതം തള്ളിനീക്കുകയാണ് ലോകമെങ്ങുമുള്ള ഓരോ അഭയാര്‍ത്ഥിയും. സുരക്ഷാഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും എന്തിന് സമാധാനപ്രവര്‍ത്തകരുടെയും വരെ ചൂഷണത്തിന് വിധേയരാണ് അഭയാര്‍ത്ഥികള്‍. മനുഷ്യാവകാശ ലംഘനവും ബാലവേലയും ലൈംഗികചൂഷണവും ഈ ക്യാമ്പുകളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഒരു നേരം നല്ല ഭക്ഷണം കഴിക്കാന്‍ വേണ്ടി അല്ലെങ്കില്‍ മണമുള്ള ഒരു സോപ്പിന്‍കഷ്ണത്തിനായി പതിമൂന്ന് വയസ് മുതലുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചകളും ഇവിടെയുണ്ട്.

രാഷ്ട്രീയത്തിന്റെയും ആശയപരമായ ഭിന്നതയുടെയും പേരില്‍ ചോരയൊഴുക്കുന്നവരുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞോടിപ്പോകുന്നവര്‍ക്ക് ജീവിതം നിഷേധിക്കുന്നത് ആരുടെ നീതിയാണ്. മതപരമായ വിവേചനത്തിന്റെ പേരില്‍ മൂന്ന് ലക്ഷത്തിലധികം കാശ്മീരി പണ്ഡിറ്റുകളാണ് സ്വന്തം വീടുകളില്‍ നിന്ന് തിരസ്‌കൃതരായത്. സംസ്‌കാരസമ്പന്നമായ ഒരു ജീവിതത്തില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ഇവര്‍ കാശ്മീരിലും ദല്‍ഹിയിലുമായി ഇന്നും അഭയാര്‍ത്ഥികളായി കഴിയുന്നു. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും തിരിച്ചെടുക്കാനാകാത്ത വിധം എല്ലാം നഷ്ടമായവരാണ് അഭയാര്‍ത്ഥികള്‍. പരിമിതമായ ജീവിത സൗകര്യങ്ങളും ഭ്രാന്ത് പിടിപ്പിക്കുന്ന അവഗണനയും മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന കാഴ്ചകളും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കാണാം. വെള്ളത്തിനും ഭക്ഷണത്തിനും നല്ല വസ്ത്രത്തിനുമായി അവര്‍ പരസ്പരം കലഹിക്കും, ശപിക്കും. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സുനാമിയുമൊക്കെ അഭയാര്‍ത്ഥികളെ സൃഷ്ടിക്കും. പക്ഷേ, കിടപ്പാടം നഷ്ടപ്പെട്ടവന്റെ ദു:ഖം എവിടെയും സമാനം തന്നെ.

refugees died

ദാരിദ്ര്യം, കുടിവെള്ളക്ഷാമം, മാറാരോഗങ്ങള്‍ ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍, തീവ്രവാദികളുടെ കൂട്ടുകെട്ട് തുടങ്ങി എണ്ണമറ്റ ആശങ്കകള്‍ക്ക് നടുവിലാണ് ഓരോ അഭയാര്‍ത്ഥി ക്യാമ്പും. നന്‍മയും സ്നേഹവും നിറഞ്ഞ മനസ്സുകളുമായി ഇവിടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായി വളരുമെന്ന് പ്രതീക്ഷിക്കരുത്. അഭയാര്‍ത്ഥികളില്‍ ഏറപ്പേരും പലവിധ മാനസികപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് സ്ഥിരീകിരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ആത്മഹത്യാനിരക്കും കുറവല്ല. പക്ഷേ ഉറ്റവരും ഉടയവരുമില്ലാതെ ജീവിക്കുന്നവന്റെ മരണം ആര്‍ക്കും വാര്‍ത്തയല്ല.

ഐക്യരാഷട്രസഭയും മനുഷ്യാവകാശ സംഘടനകളും സന്നദ്ധസംഘടനകളും അഭയാര്‍ത്ഥി പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. പറഞ്ഞു വന്നാല്‍ ചരിത്രം ഒരുപാടുണ്ട്. ചെറുരാജ്യങ്ങളായ തജിക്കിസ്ഥാനിലെയും ഉസ്ബക്കിസ്ഥാനിലെയും ആഭ്യന്തരകലാപം മുതല്‍ മഹായുദ്ധങ്ങള്‍ വരെ പറയേണ്ടി വരും. ചുരുക്കത്തില്‍ വിയറ്റ്നാം യുദ്ധത്തിന്റെ ഇരയായ, ഉടുതുണിയില്ലാതെ അലമുറയിട്ടോടുന്ന ബാലികയാണ് ലോകമെങ്ങുമുള്ള അഭയാര്‍ത്ഥികളുടെ പ്രതീകം. സ്വപ്നങ്ങളും വികാരങ്ങളുമുള്ള വെറും മനുഷ്യന്‍ എന്ന നിലയില്‍ ചിന്തിച്ചാല്‍ അഭയാര്‍ത്ഥി ആര്‍ക്കും തിരുത്താനാകാത്ത വലിയൊരു തെറ്റാണ്. അല്ലെങ്കില്‍ മനുഷ്യന്റെ ദുരയുടെയും ധാര്‍ഷ്ട്യത്തിന്റെയും അധികാരക്കൊതിയുടെയും ചരിത്രാതീത കാലം മുതലുള്ള ഇരയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button