KeralaLatest News

മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയില്‍ പരിഹാരം; പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇങ്ങനെ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ പ്രവേശനത്തിനുളള ഒപ്ഷന്‍ ഇറങ്ങാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് താല്‍ക്കാലിക ഫീസ് ആയി നിശ്ചയിച്ച് പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിശ്ചയിക്കാനുമുള്ള കമ്മിറ്റിയുടെ എണ്ണം കുറച്ച് നിയമസഭ ഈ മാസം 18ന് ബില്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ ബില്‍ നിയമമാകാന്‍ വൈകിയതോടെ പ്രവേശനം പ്രതിസന്ധിയിലായി. മുഖ്യമന്ത്രി ഒപ്പിട്ട് കൈമാറിയ നിയമഭേദഗതി ബില്ലില്‍ ഗവര്‍ണ്ണറും കഴിഞ്ഞ ദിവസം ഒപ്പ് വച്ചതോടെ അനിശ്ചിതത്വം നീങ്ങി. ഫീസ് നിശ്ചയിക്കാന്‍ കമ്മറ്റിയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ പരീക്ഷാ കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഇന്ന് തന്നെ ഒപ്ഷന്‍ ക്ഷണിച്ച് വിജ്ഞാപനം ഇറങ്ങും. ഇതോടെ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീങ്ങും.ഫീസില്‍ മാറ്റമുണ്ടാകുമെന്ന് പ്രവേശനസമയത്ത് അറിയിപ്പ് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ താല്‍ക്കാലിക പീസില്‍ പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ തീരുമാനം.

shortlink

Post Your Comments


Back to top button